എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ടിന് ഡൽഹി കോടതിയുടെ സ്റ്റേ. പട്യാല ഹൗസ് കോടതിയിൽ ഐഷി ഘോഷ് സമർപ്പിച്ച ഹർജിയിലാണ് അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടത്. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ ഐഷിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
2021-ൽ ബംഗ്ലാ ഭവനിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രിൽ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ, വാറണ്ട് പുറപ്പെടുവിച്ച ശേഷം മാസങ്ങളോളം സമൻസ് നൽകുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെയാണ് കേസിൽ വീണ്ടും പൊലീസ് നടപടികൾ സജീവമായത്.
ചൊവ്വാഴ്ച വൈകുന്നേരം ഐഷിയെ കസ്റ്റഡിയിലെടുക്കാനായി ഡൽഹി പൊലീസ് സിപിഐ(എം) കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തി. അഞ്ച് വർഷം പഴക്കമുള്ള കേസ് വീണ്ടും സജീവമാക്കി, നീറ്റ് ചോദ്യചോർച്ച വിഷയത്തിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ഐഷിയെ ലക്ഷ്യമിട്ടാണ് പൊലീസ് നീക്കമെന്ന ആരോപണം ഉയർന്നു.
സ്വകാര്യ വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമോ നെയിംപ്ലേറ്റോ ധരിച്ചിരുന്നില്ലെന്ന ആരോപണവും ഉയർന്നു. സംഭവസ്ഥലത്തെത്തിയ ജോൺ ബ്രിട്ടാസ് എംപി ഇതിനെ ചോദ്യം ചെയ്തതോടെ പൊലീസ് സംഘം മടങ്ങി. സംഭവത്തിൽ വ്യാപക വിമർശനമാണ് ഉയർന്നത്. തുടർന്നാണ് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്.



