...
Home News Kerala പെൺകുട്ടിക്ക് നേരെ നായ്ക്കുരണ പൊടി വിതറിയ ആറ് വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കി പോലീസ് കേസ്

പെൺകുട്ടിക്ക് നേരെ നായ്ക്കുരണ പൊടി വിതറിയ ആറ് വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കി പോലീസ് കേസ്

കൗൺസിലിങ് അടക്കം നടത്തിയാണ് കുട്ടി സാധാരണ നിലയിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുന്നത്

285

കൊച്ചി: കാക്കനാട് തെങ്ങോട് ഗവൺമെന്റ് ഹൈസ്‌കൂളിൽ വിദ്യാര്‍ത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആറ് സഹപാഠികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കിയാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത് ഇൻഫോപാർക്ക് സിഐ ജെ.എസ് സജീവ് കുമാറിൻ്റെ നിർദേശപ്രകാരം വനിതാ പൊലീസ് വീട്ടിലെത്തി പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു.

സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചു എന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി. പ്രധാന അധ്യാപിക ജിഷ, ക്ലാസ് ടീച്ചർ ശ്രീകാന്ത് എന്നിവർക്കെതിയാണ് കേസ്. ബോധപൂര്‍വ്വവമുള്ള ഉപദ്രവിക്കല്‍ എന്ന കുറ്റമാണ് ഇവര്‍ക്കെല്ലാവര്‍ക്കും എതിരെ BNS 118 (1), 3(5) വകുപ്പുകൽ അനുസരിച്ച് ചുമത്തിയിരിക്കുന്നത്.

ഈ മാസം ആദ്യമാണ് തെങ്ങോട് ഗവൺമെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികൾ നായക്കുരണപ്പൊടി എറിഞ്ഞത്. തുടർന്നിങ്ങോട്ട് അണുബാധമൂലം ദിവസങ്ങളോളം ചികിത്സയിലായിരുന്നു. നായ്ക്കുരണപ്പൊടി വ്യാപിച്ച് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളെ വരെ ബാധിച്ചു. മൂത്രമൊഴിക്കാൻ കഴിയാത്ത വിധം ശാരീരിക അസ്വസ്ഥതകളാണ് വിദ്യാർത്ഥിനിക്ക് ഉണ്ടാക്കിയത്. ഇതിനുപുറമേ സ്‌കൂളിലെ പ്രശ്‌നങ്ങൾ കുട്ടിയെ മാനസികമായും ബാധിച്ചിരുന്നു.

കൗൺസിലിങ് അടക്കം നടത്തിയാണ് കുട്ടി സാധാരണ നിലയിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുന്നത്. നായ്ക്കുരണ പൊടി വിതറിയ സംഭവത്തിന് മുമ്പ് ക്ലാസ് മുറിയിലെ ഡെസ്‌ക് ഉപയോഗിച്ച് സഹപാഠികൾ മുതുകിൽ ഇടിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. വെള്ളിയാഴ്‌ച സ്‌കൂളിലും കുട്ടിയുടെ വീട്ടിലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയിരുന്നു.

വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ട്രേറ്റിലേയും ഡിഇഒ, എഇഒ ഓഫിസുകളിലേയും ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസസ്‍ അതോറ്റിയും വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.