...
Home News International ‘പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തി ഞെരിച്ചു’; ഇന്ത്യൻ വംശജൻ ഓസ്‌ട്രേലിയയിൽ ജീവൻ മരണ അവസ്ഥയിൽ

‘പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തി ഞെരിച്ചു’; ഇന്ത്യൻ വംശജൻ ഓസ്‌ട്രേലിയയിൽ ജീവൻ മരണ അവസ്ഥയിൽ

പൊലീസ് ഗൗരവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തുന്ന ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്

354

മെല്‍ബണ്‍: അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജന്‍ ഓസ്‌ട്രേലിയയില്‍ ജീവന്മരണ പോരാട്ടത്തില്‍. നാൽപ്പത്ത് രണ്ട് വയസുകാനായ ഗൗരവ് കുന്ദിയാണ് ഓസ്‌ട്രേലിയയിലെ ആശുപത്രിയില്‍ കോമയില്‍ കഴിയുന്നത്. പൊലീസിൻ്റെ അതിക്രമത്തില്‍ ഇദ്ദേഹത്തിൻ്റെ തലച്ചോറിന് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കിഴക്കന്‍ അഡലെയ്‌ഡലിലെ പൊതുനിരത്തില്‍ വെച്ച് ഗൗരവും പാർട്‌ണർ അമൃത്പാല്‍ കൗറും തമ്മില്‍ തര്‍ക്കിക്കുന്നത് അതുവഴി കടന്നു പോകുകയായിരുന്ന പട്രോളിങ് പൊലീസിൻ്റെ ശ്രദ്ധയില്‍പ്പെട്ടു.

ഗാര്‍ഹിക പീഡനമെന്ന് കരുതിയ പൊലീസ് വിഷയത്തില്‍ ഇടപെടുകയും ഗൗരവിനെ അറസ്റ്റ് ചെയ്യാനായി കീഴ്‌പ്പെടുത്തുകയും ആയിരുന്നു. നിലത്തുവീണ ഗൗരവിൻ്റെ കഴുത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് ഉപയോഗിച്ച് കുത്തിപ്പിടിച്ചു. വൈകാതെ ഇദ്ദേഹത്തിൻ്റെ ബോധം നഷ്‌ടപ്പെടുകയായിരുന്നു.

തങ്ങള്‍ തര്‍ക്കിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് അമൃത്പാല്‍ കൗര്‍ പറയുന്നത്. ഗൗരവ് മദ്യപിച്ചിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അദ്ദേഹം തന്നെ ഉപദ്രവിച്ചില്ല. അറസ്റ്റിനിടെ ഗൗരവിൻ്റെ കഴുത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് കുത്തി. അദ്ദേഹത്തിൻ്റെ തല പൊലീസ് ഉദ്യോഗസ്ഥന്‍ കാറില്‍ ഇടിച്ചുവെന്നും അമൃത്പാല്‍ കൗര്‍ ആരോപിച്ചു.

അതിനിടെ പൊലീസ് ഗൗരവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തുന്ന ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്. അതില്‍ ഗൗരവും അമൃത്പാലും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിക്കുന്നത് കാണാം. താന്‍ ഒന്നും ചെയ്‌തിട്ടില്ലെന്ന് പറയാനും ഗൗരവ് ശ്രമിക്കുന്നുണ്ട്.

അറസ്റ്റിനിടെ ഗൗരവ് അക്രമാസക്തൻ ആയെന്നാണ് പൊലീസിൻ്റെ വാദം. ഇതിന് പിന്നാലെ ഗൗരവ് ബോധരഹിതനായെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ സൗത്ത് ഓസ്‌ട്രേലിയന്‍ ഉന്നത പൊലീസ് അന്വേഷണം ആരംഭിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.