കൊച്ചി: കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ അക്ഷര മരിച്ച സംഭവത്തിൽ ഡ്രൈവർ ബിനോയിക്കെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്ത് പൊലീസ്. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി ബിനോയിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്നും സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് ഇൻഫോപാർക്ക് പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി. അപകടത്തിന്റെ ഗൗരവവും ഡ്രൈവർക്കെതിരായ ക്രിമിനൽ കേസുകളും പരിഗണിച്ചാണ് പൊലീസിന്റെ നടപടി.
അശ്രദ്ധമായ ഡ്രൈവിങ്; ജീവൻ നഷ്ടപ്പെട്ടത് 29കാരിക്ക്
കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു തൃശൂർ സ്വദേശിനിയും ഐടി ജീവനക്കാരിയുമായ അക്ഷര (29) സ്വകാര്യ ബസിടിച്ച് മരിച്ചത്. ജിമ്മിൽ പോയി മടങ്ങുന്നതിനിടെ കാക്കനാട്ടെ ഇടുങ്ങിയ റോഡിന്റെ അരികിലൂടെ നടന്നുപോകുകയായിരുന്ന അക്ഷരയെ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ഷര സംഭവസ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവർ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡ്രൈവർക്കെതിരെ ഏഴ് ക്രിമിനൽ കേസുകൾ
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിനോയിക്കെതിരെ ഏഴോളം ക്രിമിനൽ കേസുകളുണ്ടെന്ന് കണ്ടെത്തിയത്. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ രണ്ട് ലഹരിമരുന്ന് കേസുകളും രണ്ട് അടിപിടി കേസുകളുമാണ് ഇയാൾക്കെതിരെയുള്ളത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും ലഹരിമരുന്ന് കേസ് നിലവിലുണ്ട്. ഇതിന് പുറമേ വാഹനാപകടവുമായി ബന്ധപ്പെട്ട കേസും ഇയാൾക്കെതിരെയുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡ്രൈവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുവെന്ന വിവരം നേരത്തെയും വലിയ ചർച്ചയായിരുന്നു.
സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരായ ക്രിമിനൽ പശ്ചാത്തലം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. റോഡുകളിൽ അപകടകരമായി വാഹനമോടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ റോഡുകളിലെ തമ്പുരാക്കന്മാരല്ലെന്നും കാലന്മാരാണെന്നും കോടതി വിമർശിച്ചു.
പിന്നിൽനിന്ന് ഉച്ചത്തിൽ ഹോൺ മുഴക്കി മറ്റ് വാഹനയാത്രക്കാരെ ഭയപ്പെടുത്തി ബസുകൾ ഓടിക്കുന്ന പ്രവണതയെയും കോടതി ചോദ്യം ചെയ്തു. ഇത്തരം ഡ്രൈവർമാർ നിയമത്തെ ഭയപ്പെടുന്നുണ്ടോയെന്നും സാധാരണക്കാർക്ക് സുരക്ഷിതമായി വീട്ടിലെത്താനാകുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചിരുന്നു. ഭ്രാന്തുപിടിച്ചതുപോലെയാണ് ചിലർ ബസ് ഓടിക്കുന്നതെന്നും കോടതി രൂക്ഷമായി വിമർശിച്ചു.
‘മറ്റാർക്കും ഈ ദുരന്തം ഉണ്ടാകരുത്’; കുടുംബം
അക്ഷരയുടെ മരണത്തിൽ കടുത്ത വേദനയും പ്രതിഷേധവും രേഖപ്പെടുത്തി കുടുംബവും രംഗത്തെത്തിയിരുന്നു. ബസ് ഉടമകൾ ജീവനക്കാരെ നിയമിക്കുമ്പോൾ അവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണോ എന്ന് പരിശോധിക്കണമെന്ന് അക്ഷരയുടെ പിതാവ് ഓമനക്കുട്ടൻ വരുണ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും കുടുംബത്തിനുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിട്ടേയുള്ളൂവെന്നും ഇത്തരമൊരു ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും അക്ഷരയുടെ ഭർത്താവ് വരുണും പ്രതികരിച്ചിരുന്നു.
അക്ഷരയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തിനിടെയാണ് ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചിരിക്കുന്നത്.


