...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ഡൽഹിയിൽ പ്രതിഷേധത്തിന് മുൻപ് നേതാക്കളെ കരുതൽ തടങ്കലിലാക്കി പൊലീസ്; സുരക്ഷ ശക്തമാക്കി കേന്ദ്രം

ഡൽഹിയിൽ പ്രതിഷേധത്തിന് മുൻപ് നേതാക്കളെ കരുതൽ തടങ്കലിലാക്കി പൊലീസ്; സുരക്ഷ ശക്തമാക്കി കേന്ദ്രം

പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ

4

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി വിവിധ സംഘടനാ നേതാക്കളെ കരുതൽ തടങ്കലിലാക്കി പൊലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞുവെച്ചതായി സംഘടനാ നേതൃത്വം ആരോപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

എസ്‌എഫ്‌ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ് ലെവോവയെ പൊലീസ് നിരീക്ഷണത്തിൽ വീട്ടുതടങ്കലിലാക്കിയെന്നാണ് സംഘടനയുടെ ആരോപണം. എസ്‌എഫ്‌ഐ ജില്ലാ കൺവീനർ ആരിഫിനെ ഉത്തർപ്രദേശ് പൊലീസ് സഹാറൻപൂരിൽനിന്ന് അറസ്റ്റ് ചെയ്തതായും നേതൃത്വം അറിയിച്ചു. ഡിവൈഎഫ്‌ഐ ഉത്തർപ്രദേശ് പ്രസിഡന്റ് രാജ് കുമാറും വീട്ടുതടങ്കലിലാണെന്നാണ് റിപ്പോർട്ട്.

വിദ്യാർഥി നേതാക്കളെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽനിന്ന് തടയുന്നത് നിയമവിരുദ്ധവും അനീതിയുമാണെന്ന് എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി പ്രതികരിച്ചു. ജനാധിപത്യ പ്രക്രിയയെ ബാധിക്കുന്ന വിഷയങ്ങളിൽ ശബ്ദമുയർത്താനുള്ള വിദ്യാർഥികളുടെയും യുവജനങ്ങളുടെയും അവകാശങ്ങൾ പൊലീസ് നടപടികളിലൂടെ നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും കീഴ്പ്പെടുത്താനുള്ള ബിജെപി-ആർഎസ്എസ് ശ്രമങ്ങൾ വിജയിക്കില്ലെന്ന് ആദർശ് പറഞ്ഞു. ഭീഷണികളിലൂടെയോ തടങ്കലിലൂടെയോ ജനാധിപത്യബോധത്തെ അടിച്ചമർത്താനാകില്ല. വോട്ട് കൊള്ളയ്‌ക്കെതിരെ ഒക്ടോബർ 10ന് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വലിയ തോതിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ 23,000ലധികം ഉദ്യോഗസ്ഥരെ വിന്യസിക്കും

സിജെപിയും വിദ്യാർഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. ഒക്ടോബർ 12 വരെ ഡൽഹിയിൽ 23,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിഷേധത്തിന് ഡൽഹി പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

മറ്റ് നഗരങ്ങളിൽ പ്രതിഷേധത്തിന് അനുമതി ലഭിച്ചിട്ടും ഡൽഹിയിൽ അനുമതി നിഷേധിക്കുന്നതെന്തിനാണെന്ന് സിജെപി കൺവീനർ അഭിജീത് ദീപ്‌കെ ചോദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

സോഷ്യൽ മീഡിയ നിരീക്ഷണവും

സുരക്ഷയുടെ ഭാഗമായി ഡൽഹിയിൽ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്. വിവിധയിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും സിസിടിവി നിരീക്ഷണവും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനുശേഷം തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിന്റെ ഭാഗമായി ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ഒരാഴ്ചയ്ക്കിടെ നടത്താനിരുന്ന സന്ദർശനങ്ങൾ റദ്ദാക്കി അമിത് ഷാ ഡൽഹിയിൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

വിവിധ പ്രദേശങ്ങളിൽ പൊലീസ് ബോധവൽക്കരണ നടപടികളും നടത്തുന്നുണ്ട്. മസ്ജിദുകളിലെത്തിയും പൊലീസ് സന്ദേശങ്ങൾ കൈമാറിയതായാണ് റിപ്പോർട്ട്.

ഒക്ടോബർ 10ന് നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.