...
Home News National മലിനീകരണം രൂക്ഷം, എന്നിട്ടും റാങ്കിൽ മുന്നേറ്റം; ‘സ്വച്ഛ് വായു സർവേക്ഷൻ’ പട്ടികയിൽ ഡൽഹിക്ക് 21-ാം സ്ഥാനം

മലിനീകരണം രൂക്ഷം, എന്നിട്ടും റാങ്കിൽ മുന്നേറ്റം; ‘സ്വച്ഛ് വായു സർവേക്ഷൻ’ പട്ടികയിൽ ഡൽഹിക്ക് 21-ാം സ്ഥാനം

റാങ്കിംഗ് മെച്ചപ്പെട്ടെങ്കിലും ഡൽഹിയിലെ വായു മലിനീകരണത്തിന്റെ യഥാർഥ ചിത്രം ആശ്വാസകരമല്ല. 2025ൽ നഗരത്തിലെ PM10 നില 198 µg/m³ ആയി രേഖപ്പെടുത്തി. ദേശീയ ശരാശരിയായ 60 µg/m³നെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.

5

രാജ്യത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ‘സ്വച്ഛ് വായു സർവേക്ഷൻ 2026’ റാങ്കിംഗിൽ ഡൽഹിക്ക് 21-ാം സ്ഥാനം. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് ഡൽഹി ഈ നേട്ടം കൈവരിച്ചത്. ബെംഗളൂരു 32-ാം സ്ഥാനത്തും ശ്രീനഗർ 26-ാം സ്ഥാനത്തുമാണ്.

എന്നാൽ റാങ്കിംഗ് നഗരങ്ങളിലെ യഥാർഥ വായു ഗുണനിലവാരത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. മലിനീകരണം നിയന്ത്രിക്കാൻ നഗര ഭരണകൂടങ്ങൾ സ്വീകരിച്ച നടപടികളാണ് പ്രധാനമായും വിലയിരുത്തിയത്. റോഡിലെ പൊടി നിയന്ത്രണം, ഖരമാലിന്യ നിർമാർജനം, വാഹന-വ്യാവസായിക മലിനീകരണം കുറയ്ക്കൽ, നിർമാണ മാലിന്യ സംസ്‌കരണം, പൊതുജന ബോധവത്കരണം തുടങ്ങിയ ഘടകങ്ങൾ സർവേയിൽ പരിഗണിച്ചു.

ഈ വിഭാഗത്തിൽ 198 പോയിന്റുമായി ലഖ്‌നൗ ഒന്നാമതെത്തി. ഇൻഡോർ രണ്ടാം സ്ഥാനത്തും 195 പോയിന്റുമായി ജബൽപൂർ മൂന്നാം സ്ഥാനത്തുമാണ്. 172 പോയിന്റുമായി ഡൽഹി വിശാഖപട്ടണത്തിനൊപ്പം 21-ാം സ്ഥാനം പങ്കിട്ടു. കഴിഞ്ഞ വർഷം 32-ാം സ്ഥാനത്തായിരുന്ന ഡൽഹി ഇത്തവണ റാങ്ക് മെച്ചപ്പെടുത്തി.

ഹൈദരാബാദ് 19-ാം സ്ഥാനത്തും പട്‌ന 16-ാം സ്ഥാനത്തുമാണ്. മുംബൈ 28-ാം സ്ഥാനത്തും ചെന്നൈ 35-ാം സ്ഥാനത്തും കൊൽക്കത്ത 38-ാം സ്ഥാനത്തുമെത്തി.

ഡൽഹിയുടെ വായു ഇപ്പോഴും ആശങ്കാജനകം

റാങ്കിംഗ് മെച്ചപ്പെട്ടെങ്കിലും ഡൽഹിയിലെ വായു മലിനീകരണത്തിന്റെ യഥാർഥ ചിത്രം ആശ്വാസകരമല്ല. 2025ൽ നഗരത്തിലെ PM10 നില 198 µg/m³ ആയി രേഖപ്പെടുത്തി. ദേശീയ ശരാശരിയായ 60 µg/m³നെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. PM2.5 നില 97 µg/m³ ആയിരുന്നു. നിർദേശിച്ച 40 µg/m³ പരിധിയുടെ ഇരട്ടിയിലധികമാണിത്.

2026 ജനുവരിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരമായതിനെ തുടർന്ന് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) സ്റ്റേജ് IV നിയന്ത്രണങ്ങളും ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നു.

നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന്റെ (NCAP) ഭാഗമായി നടത്തിയ സർവേയിൽ ആകെ 130 നഗരങ്ങളാണ് ഉൾപ്പെട്ടത്. 3 മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ റാവുർക്കേല ഒന്നാമതെത്തി. മൂന്ന് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ കലിംഗ നഗർ ഒന്നാം സ്ഥാനവും നേടി.

റാങ്കിംഗിൽ ഡൽഹി മുന്നിലെത്തിയെങ്കിലും നഗരത്തിലെ ഉയർന്ന മലിനീകരണ തോത് തുടരുന്ന സാഹചര്യത്തിൽ ഇത് വായു ഗുണനിലവാരം മെച്ചപ്പെട്ടതിന്റെ നേരിട്ടുള്ള തെളിവായി കാണാനാകില്ലെന്നാണ് വിലയിരുത്തൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.