സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ ക്ഷമാപണം നടത്തിയതായി വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഇറ്റാലിയന്‍ ബിഷപ്പുമാരുടെ വാര്‍ഷിക സമ്മേളനത്തില്‍, സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ സെമിനാരികളിലോ പൗരോഹിത്യ കോളേജുകളിലോ പരസ്യമായി പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയപ്പോഴാണ്, പോപ് ഫ്രാന്‍സിസ് മോശം പരാമര്‍ശം നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ മോശം പരാമര്‍ശം നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, മാര്‍പാപ്പയുടെ പരാമര്‍ശത്തിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അടച്ചിട്ട മുറിയില്‍ നടത്തിയ സംഭാഷണത്തെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന ലേഖനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പ മോശം പദപ്രയോഗം നടത്തിയതായി വത്തിക്കാന്‍ സമ്മതിക്കുന്നില്ല. പകരം, പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണം എന്ന നിലയിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
എല്‍ജിബിടിക്യുഐഎ+ വിഷയങ്ങളില്‍ പുരോഗമനാത്മക നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന് വിലയിരുത്തി വലിയ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പള്ളികളില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തരുത് എന്നതടക്കമുള്ള നിലപാടുകള്‍ അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളോട് സഹാനൂഭൂതി പുലര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ സഭകളോട് ആവശ്യപ്പെട്ടിരുന്നു.
”ഒരു വ്യക്തി സ്വവര്‍ഗാനുരാഗിയും ദൈവത്തെ അന്വേഷിക്കുന്നവനും നല്ല മനസ്സുള്ളവനുമാണെങ്കില്‍, ഞാന്‍ ആരാണ് അദ്ദേഹത്തെ തടയാന്‍” എന്നടതടക്കമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതിന് ശേഷം, മോശം പരാമര്‍ശം വന്നതിനെ നിരവധിപേര്‍ വിമര്‍ശിച്ചിരുന്നു.



