ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കൊൽക്കത്തയിൽ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. ചൊവ്വാഴ്ച രാവിലെ സാൾട്ട് ലേക്ക് മേഖലയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാർലമെന്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി ഉറങ്ങുന്നതായി ചിത്രീകരിച്ച പോസ്റ്ററുകളിൽ ‘ദേശ് കി നേതാ ഐസാ ഹോ?’ (രാജ്യത്തിന്റെ നേതാവ് ഇങ്ങനെയായിരുന്നോ?) എന്ന പരിഹാസ മുദ്രാവാക്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പോസ്റ്ററുകൾ സ്ഥാപിച്ചതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇതുവരെ വ്യക്തികളോ സംഘടനകളോ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
രാഹുൽ ഗാന്ധിയുടെ രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ് പോസ്റ്ററുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു ചിത്രത്തിൽ കവിളിൽ കൈകൾ ചേർത്ത് കണ്ണുകൾ അടച്ചിരിക്കുന്നതായും മറ്റൊന്നിൽ പാർലമെന്റിലെ ഇരിപ്പിടത്തിൽ പിന്നിലേക്ക് ചാരിയിരിക്കുന്നതായുമാണ് കാണിച്ചിരിക്കുന്നത്. സഭാ നടപടികൾക്കിടെ അദ്ദേഹം ഉറങ്ങുകയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആറിനെതിരെ രാഹുൽ ഗാന്ധി പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വിഷയത്തിൽ ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമായിരിക്കെയാണ് പുതിയ സംഭവവികാസം.
‘ജനാധിപത്യത്തെ രക്ഷിക്കൂ, അരാജകത്വം നീക്കം ചെയ്യൂ’ എന്ന മുദ്രാവാക്യമുയർത്തി ബിജെപി രാജ്യവ്യാപകമായി പ്രതിപ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊൽക്കത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. പശ്ചിമ ബംഗാൾ മമത ബാനർജിയുടെ ഭരണത്തിൽനിന്ന് മോചിതമായതുപോലെ ഡൽഹിയും രാഹുൽ ഗാന്ധിയിൽനിന്ന് ഉടൻ മോചിതമാകുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച സിലിഗുരിയിൽ നടന്ന റാലിയിൽ സംസാരിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, വോട്ടർപട്ടികയിൽനിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ മമത ബാനർജിയും രാഹുൽ ഗാന്ധിയും എതിർക്കുകയാണെന്ന് ആരോപിച്ചു. ഇരുവരും അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


