എഡിഎമ്മിന്‍റെ മരണത്തില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബം. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നൽകുന്നുവെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
ഇന്ന് ഉച്ചയോടെ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് കണ്ണൂര്‍ കണ്ണപുരത്ത് വെച്ചാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടികളില്‍ വീഴ്ചയില്ലെന്ന് പൊലീസ് വ്യക്തമാക്കി.ദിവ്യ നിരന്തരം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അറസ്റ്റ് വൈകിയതെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പി.പി ദിവ്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതിയുടെ ഉത്തരവ്. പള്ളിക്കുന്ന് വനിതാ ജയിലിലേയ്ക്കാണ് ദിവ്യയെ കൊണ്ടുപോകുക. പോലീസ് കസ്റ്റഡിയിലേയ്ക്ക് വിടുന്നത് സംബന്ധിച്ച് പിന്നീട് പരിശോധിക്കുമെന്നാണ് വിവരം. തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് ദിവ്യയെ ഇന്ന് പോലീസ് ഹാജരാക്കിയത്.



