...
Home News Kerala ‘സംരക്ഷിക്കില്ല, പിപി ദിവ്യയെ’; പൊലീസ് റിപ്പോർട്ടിനുശേഷം കൂടുതൽ നടപടിയെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി

‘സംരക്ഷിക്കില്ല, പിപി ദിവ്യയെ’; പൊലീസ് റിപ്പോർട്ടിനുശേഷം കൂടുതൽ നടപടിയെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും. അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ല.

203

കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിവ്യയെ സംരക്ഷിക്കില്ലെന്നും പൊലീസ് റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും. അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ല. ദിവ്യയെ ഉടൻതന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കി. പൊലീസ് റിപ്പോർട്ടിന് ശേഷം ദിവ്യക്കെതിരെ കൂടുതൽ നടപടിയെടുക്കും- മുഖ്യമന്ത്രി പറഞ്ഞു.

നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായി ഒരാഴ്‌ചയാകുമ്പോഴും അന്വേഷണം ഇഴയുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെ ആണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല. നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം എല്‍ഡിഎഫ് നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരുന്നു.

റവന്യു മന്ത്രി കെ.രാജന്‍ തുടക്കം മുതല്‍ നവീൻ്റെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും പി പി ദിവ്യക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. മന്ത്രി വീണ ജോര്‍ജും നവീനെതിരായ ദിവ്യയുടെ ആരോപണത്തെ തള്ളിക്കളഞ്ഞിരുന്നു.

പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ദിവ്യയെ ചോദ്യംചെയ്‌തിട്ടില്ല. ദിവ്യ ഇപ്പോഴും എവിടെയാണെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സിപിഎം ശക്തമായ പ്രതിരോധത്തിലാണ്. ഇതിനാല്‍ കൂടിയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്‌താവനകള്‍ ഇടതു നേതാക്കൾ നടത്തരുതെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തില്‍ നിര്‍ദേശം നല്‍കിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.