...
Home News National പ്രഹ്ലാദ് ജോഷി: സംഘടനാ പ്രവർത്തകനിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിലെ വിശ്വസ്ത നേതാവിലേക്ക്

പ്രഹ്ലാദ് ജോഷി: സംഘടനാ പ്രവർത്തകനിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിലെ വിശ്വസ്ത നേതാവിലേക്ക്

ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലൂടെയാണ് ജോഷി സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്

4

ബിജെപിയുടെ സംഘടനാ രാഷ്ട്രീയത്തിലൂടെ വളർന്ന് കേന്ദ്ര മന്ത്രിസഭയിലെ പ്രധാന നേതാക്കളിലൊരാളായി മാറിയ വ്യക്തിയാണ് പ്രഹ്ലാദ് വെങ്കിടേഷ് ജോഷി. പാർലമെൻ്റെറി കാര്യങ്ങൾ, കൽക്കരി, ഖനികൾ, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, നവ-പുനരുപയോഗ ഊർജ്ജം തുടങ്ങി നിരവധി സുപ്രധാന മന്ത്രാലയങ്ങളുടെ ചുമതല വഹിച്ച അദ്ദേഹം, ഭരണപരമായ കാര്യക്ഷമതയിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി.

1962 നവംബർ 27ന് കർണാടകയിലെ വിജയപുരയിൽ ജനിച്ച പ്രഹ്ലാദ് ജോഷി, എസ്. ആർട്സ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം വ്യവസായ രംഗത്താണ് തുടക്കം കുറിച്ചത്. പിന്നീട് ആർഎസ്എസ് പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ അദ്ദേഹം ബിജെപിയിലേക്ക് കടന്നുവരികയായിരുന്നു.

1990-കളുടെ തുടക്കത്തിൽ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലൂടെയാണ് ജോഷി സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് ബിജെപിയുടെ ധാർവാഡ് ജില്ലാ പ്രസിഡന്റായും പിന്നീട് കർണാടക ബിജെപിയുടെ ജനറൽ സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.

2004 മുതൽ ധാർവാഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജോഷി, തുടർച്ചയായി അഞ്ച് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014 മുതൽ 2018 വരെ ലോക്സഭാ സ്പീക്കറുടെ പാനലിലും അംഗമായിരുന്നു.

2019ൽ ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെത്തിയ അദ്ദേഹം പാർലമെൻ്റെറി കാര്യങ്ങൾ, കൽക്കരി, ഖനികൾ എന്നീ വകുപ്പുകളുടെ ചുമതല ഏറ്റെടുത്തു. കൽക്കരി മേഖലയിലെ പരിഷ്കാരങ്ങൾക്കും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ അദ്ദേഹത്തിൻ്റെ കാലയളവിൽ ശ്രദ്ധേയമായി.

2024ൽ ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, നവ-പുനരുപയോഗ ഊർജ്ജം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. രാജ്യത്തിൻ്റെ പുനരുപയോഗ ഊർജ്ജ ശേഷി വർധിപ്പിക്കുന്നതിനും 2070-ഓടെ നെറ്റ്- സീറോ കാർബൺ ലക്ഷ്യം കൈവരിക്കുന്നതിനുമായി വിവിധ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ, പി.എം. സൂര്യ ഘർ പദ്ധതി, പി.എം.-കുസും പദ്ധതി തുടങ്ങിയ സംരംഭങ്ങൾ ഈ മേഖലയിൽ പ്രധാനമാണ്.

സംഘടനാ പ്രവർത്തനത്തിലൂടെ വളർന്ന് കേന്ദ്ര ഭരണത്തിലെ പ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത നേതാവെന്ന നിലയിലാണ് പ്രഹ്ലാദ് ജോഷിയെ ബിജെപി വിലയിരുത്തുന്നത്. വിവിധ മേഖലകളിലെ ഭരണപരിചയവും പാർലമെൻ്റെറി പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻ്റെ പ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.