...
Home News Kerala പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തിന് ഒരുങ്ങി

പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തിന് ഒരുങ്ങി

പാലക്കാട് നീല നിറത്തിലുള്ള ട്രോളിയെങ്കിൽ വയനാട്ടിൽ കിറ്റ് വിവാദമാണ് പ്രധാന ചർച്ചാവിഷയം

543

വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. രണ്ടിടത്തും തിങ്കളാഴ്‌ചയാണ് കൊട്ടിക്കലാശം. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയിരുന്നു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഞായറാഴ്‌ച വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളിൽ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുൽത്താൻ ബത്തേരി നായ്ക്കട്ടിൽ പൊതുയോഗത്തിലും പങ്കെടുക്കും.

പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്‌മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാകും പ്രിയങ്കാഗാന്ധി കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തിൽ പങ്കെടുക്കുക.

എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഞായറാഴ്‌ച മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തും. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്.

ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇരുമുന്നണി സ്ഥാനാർത്ഥികൾക്കുമായി പ്രചാരണം നടത്തും. മുതിർന്ന ബിജെപി നേതാക്കളും ചേലക്കരയിൽ പ്രചാരണത്തിനെത്തും. പഞ്ചായത്ത് തലത്തിൽ ശക്തിപ്രകടനങ്ങൾ അടക്കം ആസൂത്രണം ചെയ്‌താണ് ബിജെപി കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്.

ചർച്ചയായി കിറ്റ് വിവാദം

പാലക്കാട് നീല നിറത്തിലുള്ള ട്രോളിയെങ്കിൽ വയനാട്ടിൽ കിറ്റ് വിവാദമാണ് പ്രധാന ചർച്ചാവിഷയം. പഴകിയ കിറ്റ് വിതരണം ചെയ്‌തതിൽ ഇരുമുന്നണികളും ആരോപണ- പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തെത്തിയിരുന്നു.

അതേസമയം, തെറ്റ് റവന്യുവകുപ്പിൻ്റെ ഭാഗത്താണെന്നാണ് യുഡിഎഫ് തിരിച്ചടിക്കുന്നത്. റവന്യുവകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്താണ് തെറ്റെന്ന് കാട്ടി എൻഡിഎ സ്ഥാനാർഥി രമ്യാ ഹരിദാസും രംഗത്തെത്തിയിരുന്നു.

കെ മുരളീധരൻ പാലക്കാട്

കോൺഗ്രസിലെ കത്ത് വിവാദത്തിനിടെ കെ മുരളീധരൻ പാലക്കാട് പ്രചാരണത്തിന്. വൈകീട്ട് മേൽപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുരളീധരൻ പ്രസംഗിക്കും.

എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പാലക്കാട് മണ്ഡലത്തിലെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രചാരണത്തിനായി പാലക്കാട് മണ്ഡലത്തിലുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.