...
Home News National ബാറ്ററിക്കും ചാർജറിനും വില കുറയും; ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ബാറ്ററിക്കും ചാർജറിനും വില കുറയും; ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

വിദേശ വിപണിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയെ ഒരു നിർമ്മാണ ഹബ്ബാക്കി മാറ്റാനും ഈ തീരുമാനം സഹായിക്കും

7

ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാർജർ ഭാഗങ്ങൾ, ബാറ്ററികൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ തീരുവ ഇളവ് പ്രഖ്യാപിച്ചു. ഡിസ്‌പ്ലെ പാനലുകൾ, വയർലെസ് ചാർജിങ് ഘടകങ്ങൾ, ലിഥിയം അയൺ സെൽ നിർമ്മാണത്തിനുള്ള സാമഗ്രികൾ എന്നിവയ്ക്കാണ് പ്രധാനമായും ഈ ഇളവ് നൽകിയിരിക്കുന്നത്. ഈ നടപടി വഴി വരും ദിവസങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണച്ചെലവ് കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ മൂലം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും വർദ്ധിച്ചുവരുന്ന ചെലവുകളും കണക്കിലെടുത്താണ് ഉത്പാദന ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയത്. ആഭ്യന്തര നിർമ്മാതാക്കളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഈ പുതിയ ആനുകൂല്യം 2029 മാർച്ച് 31 വരെ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശ വിപണിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയെ ഒരു നിർമ്മാണ ഹബ്ബാക്കി മാറ്റാനും ഈ തീരുമാനം സഹായിക്കും.

വിവിധ മേഖലകളിലെ ഡിസ്പ്ലേ അസംബ്ലികളുടെ നിർമ്മാണത്തിനുള്ള ഭാഗങ്ങളെ ഇറക്കുമതി തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഓട്ടോമോട്ടീവ്, മെഡിക്കൽ, വ്യവസായ ഉപകരണങ്ങളിൽ ആവശ്യമായ സെല്ലുകൾ, ഫ്ലെക്‌സിബിൾ പ്രിന്റഡ് സർക്യൂട്ട് അസംബ്ലികൾ, ബാക്ക്‌ലൈറ്റ് യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മൊബൈൽ ഫോണുകളിലെ വയർലെസ് ചാർജിംഗിനുള്ള ഘടകങ്ങൾക്കും, ലിഥിയം അയൺ സെൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 85 തരം യന്ത്രസാമഗ്രികൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. മുൻപ് ഈ ഘടകഭാഗങ്ങൾക്ക് 7.5 ശതമാനം മുതൽ 15 ശതമാനം വരെ കസ്റ്റംസ് തീരുവ ബാധകമായിരുന്നു.

ഈ തീരുവ ഇളവുകൾ പ്രധാനമായും അഞ്ച് മേഖലകൾക്കാണ് കരുത്തേകുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ (EV) നിർമ്മാണച്ചെലവ് കുറയുന്നതിനൊപ്പം ആരോഗ്യ സംരക്ഷണ ഉപകരണങ്ങളിലെ ഡിസ്‌പ്ലേകളുടെയും ബാറ്ററികളുടെയും നിർമ്മാണം കൂടുതൽ എളുപ്പമാകും. കൂടാതെ പ്രതിരോധ മേഖലയിലെ ഡ്രോണുകൾ, റോബോട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും amaaർട്ട്ഫോണുകൾ, വെയറബിൾ ഡിവൈസുകൾ തുടങ്ങിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വില കുറയാനും ഈ നടപടി കാരണമാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.