...
Home News National ‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

തെരഞ്ഞെടുപ്പും ഭരണം പിടിക്കലും അജണ്ടയാകുമ്പോള്‍ വരാനിരിക്കുന്നത് സാമ്പത്തിക ദുരന്തമാണെന്നും കെസി വേണുഗോപാല്‍

164

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും പ്രതിസന്ധി സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്നത് ഒഴിവാക്കാനുളള നടപടി അദ്ദേഹം സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. സാധാരണക്കാരായ പൗരന്മാരെ അസൗകര്യത്തിലേക്ക് തളളിവിടുക ആണെന്നും സര്‍ക്കാരിൻ്റെ നീക്കം ലജ്ജാകരവും വീണ്ടുവിചാരം ഇല്ലാത്തതും അധാര്‍മ്മികവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പും ഭരണം പിടിക്കലും അജണ്ടയാകുമ്പോള്‍ വരാനിരിക്കുന്നത് സാമ്പത്തിക ദുരന്തമാണെന്നും ഇന്ധന, ഗ്യാസ് ലഭ്യത ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് പുതിയ സാമ്പത്തിക നയങ്ങൾ നിർദേശിച്ചത്. അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയിൽവേക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും ‘വർക്ക് ഫ്രം ഹോം’ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറക്കുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ദൈനംദിന ആവശ്യങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.