...
Home News National പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്തു

വിവേകം, സമൃദ്ധി എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്

258

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്‌ച നടത്തിയ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഗണേഷ് ചതുര്‍ത്ഥിയോട് അനുബന്ധിച്ച് രാജ്യമെമ്പാടുമായി ആഘോഷ പരിപാടികള്‍. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ചതുര്‍ത്ഥി ദിനത്തില്‍ ആരംഭിച്ച് ആനന്ദ ചതുര്‍ദശി ദിനത്തില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്.

ഗണേഷ് ചതുര്‍ത്ഥിയോട് അനുബന്ധിച്ച് രാജ്യത്തുള്ള എല്ലാവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഗണേഷ് ചതുര്‍ത്ഥിയോട് അനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. ഗണേശ ഉത്സവം സാമൂഹിക സൗഹാര്‍ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നുകൂടിയാണ് ഇത്. ചിങ്ങമാസത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയിൽ വിനായക ചതുർഥി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്.

എല്ലാ വർഷവും ഏകദേശം ഓഗസ്റ്റ് 22നും സെപ്റ്റംബർ 20നും ഇടയിലാണ് ഗണേശ ചതുർത്ഥി വരുന്നത്. ഈ വർഷം സെപ്റ്റംബർ ഏഴ് ശനിയാഴ്‌ചയായിരുന്നു വിനായക ചതുർത്ഥി. രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആഘോഷിക്കുന്ന 10 ദിവസത്തെ ഉത്സവമാണിത്.

ഗജാനനൻ, ധൂമ്രകേതു, ഏകദന്ത, വക്രതുണ്ഡ, സിദ്ധി വിനായക എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണപതിയെ ജ്ഞാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഭാഗ്യത്തിൻ്റെയും ദേവനായി വിശേഷിപ്പിക്കാറുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്താണ് ഗണേശോത്സവ ആഘോഷത്തിന് പ്രാധാന്യമേറിയത്. സ്വാതന്ത്ര്യസമര സേനാനിയായ ബാലഗംഗാധര്‍ തിലകാണ് ഇത് ആഘോഷമായി ആരംഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.

1890കളില്‍ സാധാരണക്കാരില്‍ ഐക്യമുണ്ടാക്കുക, സാമുദായിക ആരാധന ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യം. മഹാരാഷ്ട്രയില്‍ പേഷ്വമാര്‍ ഗണപതി ആരാധന നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വീടുകളില്‍ മാത്രം നടത്തിയ ഈ ആരാധനയെ പൊതുയിടങ്ങളിലേക്ക് എത്തിക്കാനാണ് ബാലഗംഗാധര്‍ തിലക് ശ്രമിച്ചത്. ഇതിലൂടെ ജനങ്ങളില്‍ ഐക്യമുണ്ടാക്കാന്‍ കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വിശ്വാസം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.