...
Home News International എപ്സ്റ്റീൻ കേസിൽ പ്രിൻസ് ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ: ബ്രിട്ടീഷ് രാജകുടുംബത്തിന് വീണ്ടും വിവാദ നിഴൽ

എപ്സ്റ്റീൻ കേസിൽ പ്രിൻസ് ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ: ബ്രിട്ടീഷ് രാജകുടുംബത്തിന് വീണ്ടും വിവാദ നിഴൽ

258

എപ്സ്റ്റീൻ ഫയലുകളിൽ പരാമർശിക്കപ്പെട്ട ബ്രിട്ടീഷ് രാജകുടുംബാംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൺ–വിൻഡ്സർ യുകെയിൽ അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിലെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ സഹോദരനായ ആൻഡ്രൂവിനെ വ്യാഴാഴ്ച രാവിലെ ബ്രിട്ടീഷ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. 66-ാം ജന്മദിനത്തിലായിരുന്നു അറസ്റ്റ്.

സർക്കാരിന്റെ ഔദ്യോഗിക രേഖകൾ ജെഫ്രി എപ്സ്റ്റീൻ കൈപ്പറ്റിയെന്ന ആരോപണം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ആൻഡ്രൂ മൗണ്ട്ബാറ്റണിനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഈ മാസം ആദ്യം തന്നെ പൊലീസ് സൂചന നൽകിയിരുന്നു.

“ആരും നിയമത്തിന് അതീതരല്ല” എന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. താൽക്കാലിക വസതിയായ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽ നിന്നാണ് തേംസ് വാലി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായ വ്യക്തിയുടെ പേര് ഔദ്യോഗികമായി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മാർഗനിർദേശങ്ങൾ പ്രകാരം അറസ്റ്റിലായവരുടെ പേര് പുറത്തുവിടാറില്ലെന്നാണ് പൊലീസ് വിശദീകരണം. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജകുടുംബാംഗം അറസ്റ്റിലാകുന്നതെന്ന വിലയിരുത്തലും ഉയരുന്നു.

ലൈംഗിക കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സഹകരിക്കാൻ ആൻഡ്രൂവിന്മേൽ മുമ്പേ സമ്മർദമുണ്ടായിരുന്നു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാൻ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചിരുന്നുവെങ്കിലും, അന്വേഷണത്തിൽ സഹകരിക്കാൻ ആൻഡ്രൂ തയ്യാറാണെന്ന സൂചന രാജകീയ വൃത്തങ്ങൾ നൽകിയിരുന്നു.

2010-ൽ യുകെ സർക്കാരുമായി ബന്ധപ്പെട്ട വ്യാപാര റിപ്പോർട്ടുകൾ ആൻഡ്രൂ എപ്സ്റ്റീനു കൈമാറിയെന്ന കണ്ടെത്തലാണ് ഇപ്പോഴത്തെ അറസ്റ്റിന് അടിസ്ഥാനം എന്നാണു റിപ്പോർട്ടുകൾ. എപ്സ്റ്റീൻ ഫയലുകളിൽ സ്ത്രീകളോടൊപ്പമുള്ള ആൻഡ്രൂവിന്റെ ചിത്രങ്ങളും വിദേശ സന്ദർശന വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

ആൻഡ്രൂവുമായുള്ള ലൈംഗിക ബന്ധത്തിനായി സ്ത്രീകളെ ബ്രിട്ടനിലേക്ക് കടത്തിയെന്നാരോപിച്ച് എപ്സ്റ്റീനെതിരെ മുമ്പേ കേസുകളുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട ശേഷവും എപ്സ്റ്റീനുമായുള്ള സൗഹൃദം തുടരുകയായിരുന്നുവെന്നതാണ് കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 17-ാം വയസ്സിൽ തന്നെ ആൻഡ്രൂ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വിർജീനിയ റോബർട്സ് ജിയുഫ്രെ എന്ന യുവതി വെളിപ്പെടുത്തിയതും വലിയ വിവാദമായി. ആൻഡ്രൂവിനൊപ്പമുള്ള ചിത്രങ്ങളും അവർ തെളിവായി ഹാജരാക്കിയിരുന്നു.

ആക്ഷേപങ്ങൾ നിഷേധിച്ചിരുന്നുവെങ്കിലും തെളിവുകൾ പുറത്തുവന്നതോടെ പൊതുജനവികാരം ശക്തമായി. 2022-ൽ ആൻഡ്രൂവിന്റെ സൈനിക പദവികളും രാജകീയ രക്ഷാധികാരങ്ങളും നീക്കം ചെയ്യപ്പെട്ടു. ചാൾസ് മൂന്നാമൻ അധികാരമേറ്റശേഷം സഹോദരനോട് കൂടുതൽ കടുത്ത നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് ആൻഡ്രൂവിന്റെ രാജകീയ പദവി പിന്‍വലിക്കുകയും കൊട്ടാരത്തിലെ ഔദ്യോഗിക താമസസ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2010 സെപ്റ്റംബറിൽ എപ്സ്റ്റീൻ ആൻഡ്രൂവിന് അയച്ച ഇമെയിലുകളിൽ ബക്കിംഗ്ഹാം കൊട്ടാരത്തിലെ അത്താഴ പരിപാടികളിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചിരുന്നതായി പറയുന്നു. 2008-ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട എപ്സ്റ്റീൻ, ഒരു റഷ്യൻ മോഡൽ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ കൂടെയുണ്ടാകുമെന്ന് അറിയിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. പുറത്ത് വന്ന ഇമെയിലുകൾ 26 വയസ്സുള്ള ഒരു റഷ്യൻ സ്ത്രീയോടൊപ്പം അത്താഴത്തിന് ക്ഷണം നൽകിയിരുന്നുവെന്ന സൂചനകളും നൽകുന്നു.

എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളും അറസ്റ്റും ബ്രിട്ടീഷ് രാജകുടുംബത്തെ വീണ്ടും വലിയ വിവാദത്തിലാഴ്ത്തിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനാണ് സാധ്യത.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.