...
Home News Kerala ‘സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്’; പ്രതിസന്ധി രൂക്ഷമെന്ന് മുന്നറിയിപ്പ്

‘സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്’; പ്രതിസന്ധി രൂക്ഷമെന്ന് മുന്നറിയിപ്പ്

മന്ത്രിമാരുടെ ഭാഗത്തുനിന്നും അനുകൂല സമീപനമല്ല ഉണ്ടാകുന്നത്. അതുകൊണ്ടാണ് നിലപാട് കടുപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി

17

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷൻ സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ടിക്കറ്റ് നിരക്ക് വര്‍ധന സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നില്ലെന്നും മുഴുവന്‍ ബസുടമകളെയും ഏകോപിപ്പിച്ച് സമരം ശക്തമാക്കുമെന്നും ഓര്‍ഗനൈസേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ് അറിയിച്ചു. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരില്‍ കാണും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍.

പ്രധാന ആവശ്യങ്ങള്‍:

  • വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക.
  • 2022ല്‍ നിശ്ചയിച്ച സ്വകാര്യ ബസുകളുടെ യാത്രാ നിരക്ക് പരിഷ്‌കരിക്കുക.
  • ഡീസലിന് സബ്‌സിഡി ഏര്‍പ്പെടുത്തുക.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ തങ്ങള്‍ക്കില്ലെന്നും ടി ഗോപിനാഥ് പറഞ്ഞു. ഓണക്കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളമോ ബോണസോ നല്‍കാന്‍ സാധിച്ചിട്ടില്ല. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ധനകാര്യ സ്ഥാപനങ്ങള്‍ ബസുകള്‍ പിടിച്ചെടുക്കുന്ന സാഹചര്യം വരെയുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡീസലിന് 8 രൂപ 50 പൈസ വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമെ സര്‍ക്കാര്‍ രണ്ട് രൂപ സെസും കൂട്ടിയിരുന്നു. സ്പെയര്‍ പാര്‍ട്‌സ് വിലക്കയറ്റവും (ഓയിലിന്റെ വില 250-ല്‍ നിന്ന് 400 ആയി ഉയര്‍ന്നു) ഒന്നര ലക്ഷം രൂപ വരെ എത്തിയ ഇന്‍ഷുറന്‍സ് പ്രീമിയവും മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് മാസമായി മന്ത്രിമാരുടെ ഭാഗത്തുനിന്നും അനുകൂല സമീപനമല്ല ഉണ്ടാകുന്നത്. അതുകൊണ്ടാണ് നിലപാട് കടുപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.