...
Home News Kerala പ്രചരണത്തിന് എത്തുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയോടുള്ള സമീപനം പ്രിയങ്ക വ്യക്തമാക്കണം: എംവി ഗോവിന്ദൻ

പ്രചരണത്തിന് എത്തുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയോടുള്ള സമീപനം പ്രിയങ്ക വ്യക്തമാക്കണം: എംവി ഗോവിന്ദൻ

സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും സ്വരാജിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നു

124

മലപ്പുറം നിലമ്പൂരിൽ പ്രചരണത്തിന് എത്തുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയോടുള്ള സമീപനം എന്താണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമി- കോൺഗ്രസ് ഐക്യത്തെ കുറിച്ച് പ്രിയങ്ക ഗാന്ധി പരസ്യമായി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും സ്വരാജിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നു. തനിക്ക് നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ എം സ്വരാജിന് ചെയ്യുമെന്ന് സച്ചിദാനന്ദൻ പറഞ്ഞു. നിരവധി സാഹിത്യകാരന്മാർ അത് ആവർത്തിക്കുകയാണ്. ടി പത്മനാഭൻ കഥകളെ ആഴത്തിൽ മനസിലാക്കിയ വ്യക്തിയാണ് എം സ്വരാജ്. ‘എൻ്റെ സ്വന്തം സ്വരാജ്’ എന്നാണ് ടി പത്മനാഭൻ പറഞ്ഞത്. എം മുകുന്ദനെ പോലെയുള്ളവർ സ്വരാജിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ആയിഷക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ല. പ്രതിഷേധാർഹമാണ്. കേരളം അതിനെയൊക്കെ പ്രതിരോധിക്കും. സാമൂഹിക എതിർപ്പ് മറികടന്ന് നാടകത്തിൽ എത്തിയ ആളാണ് ആയിഷ. നിലമ്പൂരിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയാണ്. പ്രതിഫലം പറ്റിയവരാണ് സ്വരാജിന് വേണ്ടി വാദിക്കുന്നത് എന്നാണ് വിഡി സതീശൻ പറഞ്ഞത്. അതിനൊക്കെ സാഹിത്യകാരന്മാർ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഹിന്ദു മഹാസഭ എന്ന് പറയുന്ന സഭ ഏതാണെന്ന് അറിയില്ല. അവരുമായിട്ട് എൽഡിഎഫിന് ഒരു ബന്ധവുമില്ല. രാഷ്ട്രീയപരമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഫോട്ടോ എടുക്കുന്നതിനെ അങ്ങനെ കാണാൻ കഴിയില്ല. അവർ പറയുന്നത് കേട്ടല്ല പാർട്ടി നിലപട് സ്വീകരിക്കുന്നതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നയവും നിലപാടും മാറ്റിയാൽ ആർക്കും ഇടതുപക്ഷത്തേക്ക് വരാം. തെറ്റിദ്ധാരണ ഉണ്ടാക്കരുത്. നയവും നിലപാടും മാറ്റിയാൽ തങ്ങളോട് സഹകരിക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഭൂമുഖത്തില്ല. ആശമാരുടെ സമരം കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ ഭാഗമായുള്ളതാണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറി അവർ ഉയർത്തുന്ന മുദ്രാവാക്യത്തെ തങ്ങൾ എതിർത്തിട്ടില്ലെന്നും വ്യക്തമാക്കി. അത് കേന്ദ്രത്തിന് എതിരാണ്. ഏറ്റവും കൂടുതൽ ശമ്പളം ആശമാർക്ക് കൊടുക്കുന്നത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തനിക്കെതിരായ സൈബർ ആക്രമണത്തിൽ മറുപടിയുമായി നിലമ്പൂർ ആയിഷ രംഗത്തെത്തി. 1950 -കളിലായിരുന്നു തൻ്റെ നാടക പ്രവേശനമെന്നും അത് പാർട്ടിയെ വളർത്താൻ ഉള്ള നാടകങ്ങൾ കൂടിയായിരുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളർന്നിട്ടില്ല. അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാർട്ടിയോടൊപ്പം തന്നെയാണെന്നും അവർ കുറിച്ചു.

വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു. കാര്യമാക്കുന്നില്ല. വിദ്വേഷം ഇല്ലാതെ പരസ്‌പര സ്നേഹത്തോടെ എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. എം സ്വരാജിനെ പിന്തുണച്ചതിന് നിലമ്പൂർ ആയിഷക്കെതിരെ കോൺഗ്രസ് അനുകൂലികളുടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.