ഇ-20 പെട്രോളിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാകുന്നതിനിടെ, ‘ഇ-20 ജനതാ പാർട്ടി’ എന്ന പേരിലുള്ള കൂട്ടായ്മ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇ-20 പെട്രോളിനെതിരായ പ്രചാരണമാണ് ഈ കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സംഘടനയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നാല് ലക്ഷം കടന്നതായി പ്രവർത്തകർ അറിയിച്ചു.
ഇ-20 പെട്രോളിന്റെ ഉപയോഗം മൂലമുണ്ടാകുന്ന പ്രായോഗികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് എംപി ഹൈബി ഈഡൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ഇതിനിടെ, ആം ആദ്മി പാർട്ടിയും ഡൽഹിയിലെ വിവിധ ടാക്സി യൂണിയനുകളും ഇ-20 പെട്രോളിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. വിഷയത്തിൽ ദേശീയതല ജനകീയ സംവാദം സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. അടുത്ത മാസം ഒന്നിന് ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ വിദഗ്ധരെയും ഇ-20 ഇന്ധനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിട്ട വാഹന ഉടമകളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഇ-20 പെട്രോൾ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും ഇന്ധനക്ഷമത കുറയുന്നതായും ആരോപിച്ചു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട അദ്ദേഹം ഉപഭോക്താക്കളുടെ ആശങ്കകൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ഇ-20 പെട്രോളിനെതിരെ അടുത്ത മാസം നാലിന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് വിവിധ ഗതാഗത സംഘടനകളും അറിയിച്ചു.
ഉപഭോക്താക്കൾക്ക് 100 ശതമാനം ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാണ് ‘ഇ-20 ജനതാ പാർട്ടി’യുടെ പ്രധാന ആവശ്യം. വാഹനങ്ങളിൽ ഏത് ഇന്ധനം ഉപയോഗിക്കണമെന്നത് ഉപഭോക്താവിന്റെ തീരുമാനമായിരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. വിഷയത്തിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ രാജിയും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.


