ഫ്രാൻസിൽ അടുത്തിടെ നടന്ന കലാപങ്ങൾക്കിടെ കൊള്ളയടിച്ച ആഡംബര വസ്തുക്കൾ ഓൺലൈൻ വിപണികളിലൂടെ വിൽക്കാനുള്ള നീക്കം വിവാദമാകുന്നു. ഡിസൈനർ ഹാൻഡ്ബാഗുകൾ, വിലകൂടിയ സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവ മോഷണത്തിന് പിന്നാലെ വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തതോടെയാണ് സർക്കാർ ഇടപെട്ടത്. മോഷ്ടിച്ച സാധനങ്ങളുടെ വിൽപ്പന തടയാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് ഫ്രഞ്ച് അധികൃതർ നിർദേശം നൽകി.
രാജ്യത്തുടനീളമുള്ള കലാപങ്ങളിൽ ഏകദേശം 3,000 റീട്ടെയിൽ സ്റ്റോറുകൾ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തതായി വ്യാപാര മന്ത്രി സെർജ് പാപ്പിൻ പറഞ്ഞു. പാരീസിലെ ലെസ് ഹാലെസ് മേഖലയിലുള്ള ഹെർമിസ്, ലൂയിസ് വിറ്റൺ, ദി നോർത്ത് ഫേസ് തുടങ്ങിയ ബ്രാൻഡുകളുടെ സ്റ്റോറുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. കൊള്ളയടിക്കപ്പെട്ട സാധനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വിന്റഡ്, ആമസോൺ തുടങ്ങിയ ഓൺലൈൻ വിപണികളിൽ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്ന് വ്യാപാര മന്ത്രി സെർജ് പാപ്പിനും ഡിജിറ്റൽ കാര്യ മന്ത്രി ആൻ ലെ ഹാവ്രെയും വിന്റഡ്, ആമസോൺ, ഇബേ, മെറ്റാ, ടിക് ടോക്ക് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി അടിയന്തര ചർച്ച നടത്തി. മോഷ്ടിച്ച വസ്തുക്കളുമായി ബന്ധപ്പെട്ട വിൽപ്പനപ്പട്ടികകൾ നീക്കം ചെയ്യാനും ഇത്തരം ഇടപാടുകൾ തടയാനും നിർദേശം നൽകി.
മോഷ്ടിച്ച സാധനങ്ങളുടെ വിൽപ്പനക്കെതിരെ ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കുമെന്ന് വിന്റഡ് അറിയിച്ചു. സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്താൻ പ്രത്യേക സംവിധാനങ്ങളുണ്ടെന്നും നിയമവിരുദ്ധ വിൽപ്പന തടയാൻ അധികാരികളുമായി സഹകരിക്കുന്നുണ്ടെന്നും ഇബേയും വ്യക്തമാക്കി.
കൊള്ളയിലും മോഷണത്തിലും പങ്കുള്ളവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് നിയമപ്രകാരം മോഷ്ടിച്ച സ്വത്ത് കൈവശം വയ്ക്കുകയോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ അഞ്ച് വർഷം വരെ തടവും 3.75 ലക്ഷം യൂറോ വരെ പിഴയും ലഭിക്കാം.


