...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; നികേഷ് കുമാറും എഎ റഹീമും കസ്റ്റഡിയിൽ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; നികേഷ് കുമാറും എഎ റഹീമും കസ്റ്റഡിയിൽ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുന്നതിനിടെ, ജന്തർ മന്തറിലെ സമര നിയന്ത്രണങ്ങളും പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളും രാഷ്ട്രീയ വിവാദം കൂടുതൽ കടുപ്പിക്കുകയാണ്.

2

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ബാരിക്കേഡുകൾ മറിച്ചിട്ട പ്രവർത്തകരെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എം വി നികേഷ് കുമാർ, എ എ റഹീം എന്നിവരടക്കമുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന് കരുതേണ്ടെന്നും സമരം രാജ്യവ്യാപകമായി വ്യാപിക്കുമെന്നും എം വി നികേഷ് കുമാർ പ്രതികരിച്ചു. ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എ എ റഹീമും വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം.

ജന്തർ മന്തറിൽ പ്രതിഷേധം

ജന്തർ മന്തറിൽ കഴിഞ്ഞദിവസം നടത്തിയ മിന്നൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സഹ കൺവീനർമാരായ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു നേതാവായ അജിങ്ക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സംഘം ജന്തർ മന്തറിലെത്തിയത്. പ്രതിഷേധങ്ങൾക്കായി ജന്തർ മന്തർ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെയായിരുന്നു നേതാക്കളുടെ നീക്കം.

പ്രതിഷേധം രാജ്യ വ്യാപകമാക്കാൻ ഇന്ത്യാ മുന്നണി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് ഇന്ത്യാ മുന്നണി നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ജനാധിപത്യം തകർന്നുവെന്നും അത് വീണ്ടെടുക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

ജന്തർ മന്തറിന് വീണ്ടും സമരകേന്ദ്രമെന്ന പദവി ലഭിക്കുന്നതുവരെ യുവജന-വിദ്യാർഥി സംഘടനകളെ പങ്കെടുപ്പിച്ച് പ്രതിഷേധം തുടരാനാണ് നീക്കം. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യാ മുന്നണി നേതാക്കളും എംപിമാരും പോഷക സംഘടനാ പ്രതിനിധികളും വിദ്യാർഥി-യുവജന നേതാക്കളും പങ്കെടുക്കുന്ന വൻ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്.

പട്ടേൽ ചൗക്കിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച പട്ടേൽ ചൗക്കിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ജനാധിപത്യത്തെ അട്ടിമറിച്ചാണ് ബിജെപി സർക്കാർ അധികാരത്തിൽ തുടരുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.

പ്രതിഷേധക്കാരും കേന്ദ്രസേനയും ഡൽഹി പൊലീസും മുഖാമുഖം നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

പൊലീസ് അതിക്രമത്തിനെതിരെ എൻഎസ്‌യുഐ

പ്രതിഷേധത്തിനിടെ പൊലീസ് മർദനമേറ്റതായി ആരോപിച്ച് എൻഎസ്‌യുഐ പ്രവർത്തകർ രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള വാർത്താസമ്മേളനത്തിൽ വിദ്യാർഥികൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചു. പൊലീസ് ക്രൂരമായി മർദിച്ചെന്നും ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപിക്കുന്നവർ ആക്രമിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു.

മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പിടിച്ചുവെച്ചതായും അവ തിരികെ നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും അവർ ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും ഭയപ്പെടില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി. മലയാളികളായ ആതിര, അർജുൻ എന്നിവരും തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. മർദനത്തെത്തുടർന്ന് ആതിരയുടെ ഒരു ചെവിയുടെ കേൾവിക്ക് തകരാറുണ്ടായതായും റിപ്പോർട്ടിലുണ്ട്.

ആക്രമണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മർദനത്തിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന്?

ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിജെപി നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിക്കെതിരെ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധക്കാരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് ദേശീയ പതാകയുമായി സമരത്തിനെത്തിയ യുവാക്കളെ ജയിലിലടച്ചെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിഷേധക്കാരെ ആക്രമിക്കാനും പെൺകുട്ടികളോട് മോശമായി പെരുമാറാനും മാധ്യമപ്രവർത്തകരെ ഉപദ്രവിക്കാനും ഗുണ്ടകളെ അനുവദിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പൊലീസിന്റെ യൂണിഫോമുകളും ലാത്തികളും ഉൾപ്പെടെയുള്ളവ അക്രമികൾക്ക് സർക്കാർ നൽകിയെന്ന ആരോപണവും പ്രകാശ് രാജ് ഉന്നയിച്ചു.

ജന്തർ മന്തറിനെ സമരകേന്ദ്രമല്ലാതാക്കുകയും പ്രതിഷേധങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിനെ പരിഹസിച്ച അദ്ദേഹം, ജനങ്ങളുടെ ശബ്ദത്തെ തടയാനാകില്ലെന്നും രാജ്യത്തെ ഓരോ തെരുവും ജന്തർ മന്തറായി മാറുമെന്നും പറഞ്ഞു.

ജയിലിലടച്ചത് ഭീരുത്വമെന്ന് രാഹുൽ ഗാന്ധി

സിജെപി നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായി ജന്തർ മന്തറിൽ ദേശീയ പതാക വീശുന്നത് കുറ്റകരമല്ലെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥികളും യുവാക്കളും മാധ്യമപ്രവർത്തകരും ഇന്ത്യാ മുന്നണിയും വിവിധ ബാനറുകൾക്ക് കീഴിൽ പ്രതിഷേധിക്കുമ്പോഴും ലക്ഷ്യം ഒന്നാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ജന്തർ മന്തർ ജനങ്ങളുടേതാണെന്നും അത് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.