...
Home News National മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോക്കോള്‍; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോക്കോള്‍; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യശാലകളില്‍ നിന്നും മദ്യം നല്‍കാവൂ എന്നാണ് കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കന്‍ ഡ്രൈവിങ് എന്ന സംഘടനയുടെ ആവശ്യം.

201

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോകോള്‍ രൂപവത്കരിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ‘കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കന്‍ ഡ്രൈവിങ്’ എന്ന സന്നദ്ധ സംഘടന രാജ്യത്തെ മദ്യഷോപ്പുകള്‍, ബാറുകള്‍, പബുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോകോള്‍ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ്.

സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യശാലകളില്‍ നിന്നും മദ്യം നല്‍കാവൂ എന്നാണ് കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കന്‍ ഡ്രൈവിങ് എന്ന സംഘടനയുടെ ആവശ്യം. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പ്രായപരിധി ആയതിനാല്‍ തന്നെ പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് രാജ്യത്ത് മദ്യവിതരണമെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

സര്‍ക്കാര്‍ നയം രൂപീകരിച്ചാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറയ്ക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനം തടയുന്നതിലും കാര്യമായ പങ്ക് വഹിക്കുമെന്നും അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. കേരളത്തില്‍ മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സ് ആണ്. എന്നാല്‍ ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 18 വയസ് കഴിഞ്ഞാല്‍ മദ്യം വാങ്ങാം.

ദില്ലി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രായം 25 ആണ്. വിദേശ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് മദ്യം നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും അതേ രീതിയില്‍ ഇന്ത്യയില്‍ നിയമം രൂപീകരിക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.