പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ച തീരുമാനത്തിനെതിരെ സിപിഐഎം രംഗത്ത്. വിദേശത്ത് ഫണ്ട് അഭ്യർഥിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്നും, അത്തരമൊരു സാഹചര്യത്തിൽ ക്ലീൻചിറ്റ് നൽകിയത് അസാധാരണ നടപടിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു.
വാർത്താ സമ്മേളനത്തിൽ വിഡി സതീശൻ വിദേശത്ത് ഫണ്ട് അഭ്യർഥിക്കുന്നതായി പറയുന്ന വീഡിയോ പ്രദർശിപ്പിച്ച എംവി ഗോവിന്ദൻ, സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ ആഭ്യന്തര വകുപ്പ് തിടുക്കം കാട്ടിയെന്നും ആരോപിച്ചു. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ആഭ്യന്തര വകുപ്പിൻ്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയായിരിക്കെ വിദേശയാത്ര നടത്താൻ വിഡി സതീശൻ നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്ന് അനുമതി നേടിയിട്ടില്ലെന്നും ആഭ്യന്തര വകുപ്പിൻ്റെ അനുമതിയും ലഭിച്ചിരുന്നില്ലെന്നുമാണ് പുറത്തുവന്ന വിവരങ്ങളെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിദേശത്ത് നിന്ന് ഫണ്ട് അഭ്യർഥിക്കാൻ നിയമപരമായ അനുമതി ആവശ്യമാണ്. പ്രത്യേക അനുമതിയില്ലാതെ അത്തരം പ്രവർത്തനം നടത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2018-ലെ പ്രളയകാലത്ത് കേരളത്തിൻ്റെ ദുരന്താവസ്ഥ വിദേശത്ത് അവതരിപ്പിക്കാൻ മന്ത്രിമാർ കേന്ദ്രസർക്കാരിനോട് അനുമതി തേടിയിരുന്നെങ്കിലും അത് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദേശത്ത് നിന്ന് ആരുടെയൊക്കെ സഹായം ലഭിച്ചു, എത്ര തുകയാണ് സമാഹരിച്ചതെന്ന് ഉൾപ്പെടെ സമഗ്രമായ അന്വേഷണം വേണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ 26,500 പൗണ്ട് വിവിധ വ്യക്തികളിൽ നിന്ന് സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷൻ്റെ അക്കൗണ്ടിലേക്ക് എത്തിയതായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, വിദേശ ഫണ്ട് സ്വീകരിച്ചതും ആവശ്യമായ അനുമതി ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്ന സാഹചര്യത്തിൽ ക്ലീൻചിറ്റ് നൽകിയതെങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം, വിജിലൻസ് അന്വേഷണത്തിൽ വിഡി സതീശനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസിൽ നിന്ന് വിഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2018-ലെ മഹാപ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് ‘പുനർജനി- പറവൂരിന് പുതുജീവൻ’. വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകുക, സ്കൂളുകൾ നവീകരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷനും ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയും പദ്ധതിയുടെ പ്രധാന പങ്കാളികളായിരുന്നു.
പദ്ധതിക്കായി വിദേശത്തു നിന്ന് നിയമവിരുദ്ധമായി ഫണ്ട് സമാഹരിക്കുകയും സാമ്പത്തിക ക്രമക്കേടുകൾ നടക്കുകയും ചെയ്തെന്നാരോപിച്ച് കാതിക്കുടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജയ്സൺ പാനിക്കുളങ്ങര വിജിലൻസിൽ പരാതി നൽകിയിരുന്നു. വിഡി സതീശൻ ഫണ്ട് അഭ്യർഥിക്കുന്നതായി പറയുന്ന വീഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു.



