...
Home News International ട്രംപ് കൂടിക്കാഴ്‌ചയെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പുടിൻ ആണവ പരീക്ഷണങ്ങൾക്ക് ഉത്തരവിട്ടു

ട്രംപ് കൂടിക്കാഴ്‌ചയെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പുടിൻ ആണവ പരീക്ഷണങ്ങൾക്ക് ഉത്തരവിട്ടു

കര, കടൽ, വ്യോമ അധിഷ്ഠിത തന്ത്രപരമായ ആണവ സേനകളെ ഉൾപ്പെടുത്തി ആസൂത്രണം ചെയ്‌തിട്ടുണ്ടെന്ന് പുടിൻ

203

ഉക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർദ്ദിഷ്ട ഉച്ചകോടി കൂടിക്കാഴ്‌ചയിൽ അനിശ്ചിതത്വം നിലനിൽക്കെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ ബുധനാഴ്‌ച രാജ്യത്തിൻ്റെ തന്ത്രപരമായ ആണവ സേനകളുടെ അഭ്യാസങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

“പ്രതിരോധമന്ത്രി റിപ്പോർട്ട് ചെയ്‌തതു പോലെ ഇന്ന് നമുക്ക് ഒരു ഷെഡ്യൂൾ ചെയ്‌ത തന്ത്രപരമായ ആണവ സേനാ മാനേജ്മെന്റ് അഭ്യാസം ഉണ്ട്. നമുക്ക് ജോലിയിൽ പ്രവേശിക്കാം,” ക്രെംലിനിലെ ക്രൈസിസ് കമാൻഡ് റൂമിൽ നിന്ന് ടെലിവിഷൻ വഴി നടത്തിയ പ്രസ്‌താവനയിൽ പുടിൻ പറഞ്ഞു.

ഉന്നത സൈനിക നേതൃത്വത്തെ ഓൺലൈനിൽ അഭിസംബോധന ചെയ്‌തുകൊണ്ട്, നിലവിലെ അഭ്യാസങ്ങൾ കര, കടൽ, വ്യോമ അധിഷ്ഠിത തന്ത്രപരമായ ആണവ സേനകളെ ഉൾപ്പെടുത്തി ആസൂത്രണം ചെയ്‌തിട്ടുണ്ടെന്ന് പുടിൻ അടിവരയിട്ടു.

ക്രെംലിൻ പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും വായുവിലെ ക്രൂയിസ് മിസൈലുകളുടെയും പ്രായോഗിക വിക്ഷേപണങ്ങൾ അഭ്യാസത്തിനിടെ നടത്തി.

പ്രസിഡന്റ് പുടിൻ്റെ മേൽനോട്ടത്തിലാണ് ഈ അഭ്യാസം നടന്നത്. അതിൽ യാർസ് ഐസിബിഎം (ഇൻ്റെർകോണ്ടിനെൻ്റെൽ ബാലിസ്റ്റിക് മിസൈൽ) ലോഞ്ചറുകൾ, വടക്കൻ കപ്പലിൻ്റെ തന്ത്രപ്രധാനമായ ആണവശക്തിയുള്ള അന്തർവാഹിനി ബ്രയാൻസ്‌ക്, ടു -95 എംഎസ് തന്ത്രപരമായ ബോംബറുകൾ എന്നിവ ഉൾപ്പെട്ടതായി ക്രെംലിൻ വ്യക്തമാക്കി.

അതേസമയം, ഉക്രെയ്ൻ സംഘർഷം ചർച്ച ചെയ്യുന്നതിനായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കേണ്ടിയിരുന്ന പുടിൻ- ട്രംപ് ഉച്ചകോടി മാറ്റി വെച്ചതായുള്ള വാർത്തകൾക്ക് ഇടയിൽ, റഷ്യൻ ഉദ്യോഗസ്ഥർ വ്യത്യസ്തമായ പ്രസ്‌താവനകൾ പുറപ്പെടുവിച്ചു. കിംവദന്തികൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ക്രെംലിൻ പറഞ്ഞു.

“വീണ്ടും, ഇതുവരെ ഒരു വാർത്തയും ലഭിച്ചിട്ടില്ല. ഈ സാഹചര്യം മുഴുവൻ ധാരാളം ഗോസിപ്പുകളാലും, കിംവദന്തികളാലും, അങ്ങനെ പലതാലും ചുറ്റപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാണ്. മിക്കവാറും, ഇത് അടിസ്ഥാനപരമായി അസത്യമാണ്. ഇതുവരെ ഒരു വാർത്തയും ലഭിച്ചിട്ടില്ല,” പുടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ചക്കുള്ള ഒരുക്കങ്ങൾ നിർത്തി വെച്ചിരുന്നോ എന്നതിനെ കുറിച്ചുള്ള സർക്കാർ നടത്തുന്ന ടാസ് വാർത്താ ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

ചൊവ്വാഴ്‌ച വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ ബുഡാപെസ്റ്റിൽ നടക്കുന്ന റഷ്യൻ- യുഎസ് ഉച്ചകോടി നടക്കുമോ എന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായേക്കുമെന്ന് ട്രംപ് പറഞ്ഞു.

പുടിൻ- ട്രംപ് കൂടിക്കാഴ്‌ചക്കുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്‌ച അനിശ്ചിതമായി മാറ്റിവെച്ചതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

അവരുടെ കൂടിക്കാഴ്‌ച മാറ്റിവെക്കുന്നത് ആത്യന്തികമായി ബുഡാപെസ്റ്റിലെ ചർച്ചകളിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് വ്യക്തമല്ലെന്ന് പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടി. ഒരുക്കങ്ങൾ പുരോഗമിക്കുക ആണെന്ന് റഷ്യൻ മാധ്യമങ്ങളുമായി സംവദിച്ച ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു.

“ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുക ആണെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു,” -റയാബ്കോവ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ തയ്യാറെടുപ്പുകൾക്ക് വ്യത്യസ്ത രൂപങ്ങളുണ്ടാകാമെന്ന് അദ്ദേഹം സമ്മതിച്ചു, ലാവ്‌റോവിൻ്റെയും റൂബിയോയുടെയും കൂടിക്കാഴ്‌ച പോലെ ആകണമെന്നില്ല.

“കാര്യമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾക്ക് ലഭിച്ച നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഞങ്ങൾ കൃത്യമായി ചെയ്യുന്നത് അതാണ്,” -റിയാബ്കോവ് പറഞ്ഞു.

“ഷെഡ്യൂളുകൾ, ഫോർമാറ്റുകൾ, ഘട്ടങ്ങളുടെ ക്രമം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾ പ്രധാനമായും സാരാംശത്തിലുള്ള കാര്യങ്ങളെ അപേക്ഷിച്ച് ദ്വിതീയമാണ്, അതിനാൽ, ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകളുമായി അവർ മുന്നോട്ട് പോകുകയാണ്” -എന്ന് റയാബ്കോവിൻ്റെ വീക്ഷണത്തിൽ ഇൻ്റെർഫാക്‌സ് റിപ്പോർട്ട് ചെയ്‌തു.

സ്രോതസുകൾ പ്രകാരം, ഉക്രെയ്ൻ സംഘർഷത്തിന് ഒരു പരിഹാരവും മോസ്കോ അംഗീകരിക്കില്ല. അത് മുഴുവൻ പ്രശ്‌നത്തിൻ്റെയും മൂലകാരണം പരിഹരിക്കാതെ ഒരു വെടിനിർത്തലിലേക്ക് നയിക്കും. “2014 മാർച്ചിൽ യൂറോപ്യൻ യൂണിയൻ്റെ ഒത്താശയോടെ കിയെവിൽ യുഎസ് സ്പോൺസർ ചെയ്‌ത അട്ടിമറി” യോടെ ആണ് ഇത് ആരംഭിച്ചതെന്ന് പറയുന്നു.

യുദ്ധമുഖത്ത് സംഘർഷം മരവിപ്പിക്കാനും ചരിത്രം തീരുമാനിക്കട്ടെ എന്നുമാണ് പ്രസിഡന്റ് ട്രംപ് തൻ്റെ പുതിയ നിർദ്ദേശങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നത്.

എന്നിരുന്നാലും, 2021 ഡിസംബറിൽ നാറ്റോക്ക് അയച്ച കത്തിൽ മോസ്കോ ചോദിച്ചതും അമേരിക്കയുടെ നേതൃത്വത്തിൽ കിഴക്കോട്ട് വികസിക്കുന്ന പടിഞ്ഞാറൻ സൈനിക സഖ്യം നിരസിച്ചതുമായ റഷ്യയുടെ സുരക്ഷാ താൽപ്പര്യങ്ങളെ കുറിച്ച് ആരും സംസാരിക്കുന്നില്ല. –ഉറവിടം: PTI

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.