റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ നാറ്റോയെയും (NATO) യൂറോപ്യൻ യൂണിയനെയും (EU) ഉള്ളിൽ നിന്ന് തകർക്കുക എന്ന ലക്ഷ്യത്തോടെ നീക്കങ്ങൾ നടത്താൻ തന്റെ സൈന്യത്തോടും രഹസ്യാന്വേഷണ ഏജൻസികളോടും നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. 2025 ഡിസംബറിൽ നടന്ന ഒരു രഹസ്യ യോഗത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസാണ് ഈ ഗൗരവകരമായ വിവരം പുറത്തുവിട്ടത്. പാശ്ചാത്യ ശക്തികളുടെ കൂട്ടായ്മയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിൻ ഇത്തരമൊരു നീക്കം നടത്തുന്നത്.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി റഷ്യ ഒരു ഇരട്ട തന്ത്രമാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് വിവരം. നാറ്റോയുടെ പ്രതിരോധ പ്രതിബദ്ധതകൾ പരീക്ഷിക്കുന്നതോടൊപ്പം മോൾഡോവയെ രാഷ്ട്രീയമായും ഭൗതികമായും അസ്ഥിരപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഭാഗം. സൈബർ ആക്രമണങ്ങൾ, അടിസ്ഥാന സൗകര്യ അട്ടിമറികൾ, സായുധ സംഘങ്ങളെ ഉപയോഗിച്ചുള്ള നുഴഞ്ഞുകയറ്റങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടന്നേക്കാമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
നാറ്റോയുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് തുനിയാതെ തന്നെ യൂറോപ്പിനെ കൂടുതൽ അസ്ഥിരപ്പെടുത്താൻ മോൾഡോവയെ ഒരു ആയുധമാക്കാനാണ് റഷ്യയുടെ നീക്കം. ഉക്രെയ്നും നാറ്റോ അംഗരാജ്യമായ റൊമാനിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന 24 ലക്ഷം മാത്രം ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് മോൾഡോവ. ഈ രാജ്യത്ത് നിയന്ത്രണം ഉറപ്പിക്കുന്നതിലൂടെ നാറ്റോയുടെ കിഴക്കൻ അതിർത്തിയിലേക്ക് നേരിട്ട് സൈനിക സാന്നിധ്യം വ്യാപിപ്പിക്കാൻ റഷ്യക്ക് സാധിക്കും.
പുതിന്റെ ദീർഘകാല പദ്ധതിയിൽ ഉക്രെയ്ൻ പിടിച്ചെടുക്കുന്നതിനൊപ്പം മോൾഡോവയുടെ മേലുള്ള നിയന്ത്രണത്തിനും വലിയ പ്രാധാന്യമാണുള്ളത്. തെക്കൻ ഉക്രെയ്ൻ പിടിച്ചെടുക്കുന്നതിലൂടെ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് മോൾഡോവയിലേക്ക് നേരിട്ടുള്ള ഒരു കരപാത (land bridge) നിർമ്മിക്കുക എന്നതാണ് പുതിന്റെ ലക്ഷ്യം. മോൾഡോവയിലെ വിഘടനവാദി പ്രദേശമായ ട്രാൻസ്നിസ്ട്രിയയിൽ ദശാബ്ദങ്ങളായി നിലയുറപ്പിച്ചിട്ടുള്ള റഷ്യൻ സൈന്യത്തിന് ഇത് വലിയ സഹായമാകും.
മോൾഡോവയിൽ സ്വാധീനം ഉറപ്പിക്കാൻ സാധിച്ചാൽ ഉക്രെയ്നിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ഒഡെസയെ പിന്നിലൂടെ ആക്രമിക്കാനും- വളയാനും റഷ്യയ്ക്ക് എളുപ്പമാകും. ട്രാൻസ്നിസ്ട്രിയയിലെ സൈനിക സാന്നിധ്യം തലസ്ഥാനമായ ചിസിനാവിലേക്ക് വളരെ എളുപ്പത്തിൽ ആക്രമണം നടത്താൻ റഷ്യയെ സഹായിക്കും. ഇത്തരത്തിൽ ഉക്രെയ്നിനെ പൂർണ്ണമായും വളയാനും നാറ്റോയുടെ വാതിലുകളിൽ നേരിട്ട് വെല്ലുവിളി ഉയർത്താനുമാണ് റഷ്യൻ പ്രസിഡന്റ് ലക്ഷ്യമിടുന്നത്.
നിലവിലെ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ രഹസ്യ പദ്ധതി വലിയ ആശങ്കയാണ് അന്താരാഷ്ട്ര തലത്തിൽ സൃഷ്ടിക്കുന്നത്. സായുധ സംഘങ്ങളെ ഉപയോഗിച്ചുള്ള നുഴഞ്ഞുകയറ്റങ്ങളും സൈബർ യുദ്ധമുറകളും വഴി നാറ്റോയുടെ കിഴക്കൻ അതിർത്തികളിൽ അസ്ഥിരത സൃഷ്ടിക്കാനാണ് റഷ്യൻ ഏജൻസികളുടെ നീക്കം. യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളെ തകിടം മറിക്കാനുള്ള പുതിന്റെ ഈ നീക്കങ്ങളെ വലിയ ജാഗ്രതയോടെയാണ് പാശ്ചാത്യ രാജ്യങ്ങളും പ്രതിരോധ ഏജൻസികളും വീക്ഷിക്കുന്നത്.


