...
Home News Kerala നിലമ്പൂരിലെ തോല്‍വിക്ക് പിവി അന്‍വറും കാരണമായി; സിപിഎം വിലയിരുത്തൽ

നിലമ്പൂരിലെ തോല്‍വിക്ക് പിവി അന്‍വറും കാരണമായി; സിപിഎം വിലയിരുത്തൽ

ആര്‍എസ്എസ് പരാമര്‍ശം പാടില്ലായിരുന്നുവെന്ന് സെക്രട്ടറിയേറ്റിലും ഗോവിന്ദൻ മാസ്റ്റർക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് പാര്‍ട്ടി സെക്രട്ടറി നടത്തിയതെന്ന് വിമര്‍ശനമുണ്ടായി.

235

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തിന് പി.വി. അന്‍വറും കാരണമായെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍. ഇടതുമുന്നണിയുടെ വോട്ടില്‍ ഒരു ഭാഗം അന്‍വര്‍ കൊണ്ടുപോയി. അന്‍വര്‍ എല്‍ഡിഎഫിനെ വഞ്ചിച്ചയാള്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. യുഡിഎഫ്-ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ അന്‍വറിന് കിട്ടിയെന്നുമാണ് വിലയിരുത്തല്‍.

ഇന്നലെ സംസ്ഥാന കമ്മിറ്റിയില്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്കെതിരെയും രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. ഗോവിന്ദൻ മാസ്റ്റർ നടത്തിയ ആര്‍എസ്എസ് പരാമര്‍ശത്തിലായിരുന്നു വിമര്‍ശനം. സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം നിലമ്പൂര്‍ തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

ആര്‍എസ്എസ് പരാമര്‍ശം പാടില്ലായിരുന്നുവെന്ന് സെക്രട്ടറിയേറ്റിലും ഗോവിന്ദൻ മാസ്റ്റർക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് പാര്‍ട്ടി സെക്രട്ടറി നടത്തിയതെന്ന് വിമര്‍ശനമുണ്ടായി. അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം നിലമ്പൂരിൽ , വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്- 77,737, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്- 66,660, തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്രന്‍ പി.വി. അന്‍വര്‍- 19,760 എന്നിങ്ങനെയായിരുന്നു വോട്ട് നില. മുന്നണികളുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറം ഇരുപതിനായിരത്തോടടുത്ത് വോട്ടുകളാണ് അന്‍വര്‍ നേടിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.