| സയിദ് അബി
പിവി അൻവർ ഉയർത്തുന്ന പ്രശ്നങ്ങളെ കൃത്യമായി മനസിലാക്കുമെന്നോ പരിഹരിക്കുമെന്നോ കരുതാനുള്ള ഒരു ന്യായവും കഴിഞ്ഞ എട്ട് കൊല്ലത്തെ ചരിത്രം തന്നിരുന്നില്ല. എന്നിരുന്നാലും സിപിഎമ്മിൽ സ്വാഭാവികമായി ഉണ്ടായി വരുന്ന നേതൃത്വത്തിന് എങ്കിലും പ്രവർത്തകരോടും പാർട്ടി രാഷ്ട്രീയത്തോടും കൂറും അനുഭാവവും ഉണ്ടാകും എന്ന തോന്നലിൽ നിന്നുള്ള പ്രതീക്ഷ ചിലർക്ക് ഉണ്ടായിരുന്നു.ആ പ്രതീക്ഷയുടെ എല്ലാ ഭാരവും നേതാക്കളുടെ ചുമലിലേക്ക് വെച്ചിട്ട് അൻവർ അവസാനിപ്പിച്ചു.
അത് കുറച്ചൊക്കെ അവരെ പൊള്ളിക്കേണ്ടതാണ്. കാര്യമായ ഓർമ്മകൾ ദൃശ്യവത്കരിച്ചിട്ടാണ് അൻവർ നിർത്തിയത്.ഇനി എവിടെ പരാതി? ആര് ചർച്ച ചെയ്തു? എപ്പോൾ? നിങ്ങൾ പറഞ് ഉണ്ടാക്കുന്നത് അല്ലെ? പാർട്ടിക്കാർക്ക് നല്ല തൃപ്തിയാണ് പിണറായി വിജയനിൽ? പോലീസിൽ? ഇന്ത്യയിലെ നമ്പർ വൺ പൊലീസല്ലെ നമ്മുടേത്? എന്നൊക്കെയുള്ള പത്ര സമ്മേളനപരിഹാസ്യ പ്രസ്താവനകൾ നടത്തുമ്പോൾ നേതാക്കൾ ഈ ഭാരം താങ്ങി താഴോട്ട് ചെരിയും.
ഒരു സഖാവ് എന്ന നിലയിൽ പാർട്ടിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെ അവതരിപ്പിച്ച് പിൻവാങ്ങി എന്നാണ് അൻവർ പറഞ്ഞത്. അഥവാ- പിണറായിയും പാർട്ടി സെക്രട്ടറിയും ഇതൊന്നും അറിയുന്നില്ലല്ലോ? എന്ന ന്യായം പറച്ചിലിന്റെ മുന അൻവർ ഒടിച്ചു. അവർക്ക് നന്നായി അറിയാം. ബാക്കി അവര് ചെയ്യട്ടെ.അജിത്ത് കുമാറിനെ മാറ്റാതെ അന്വേഷണം വേണോ എന്നൊക്കെ പാർട്ടി ആലോചിക്കട്ടെ.
ആദ്യമായി ആഭ്യന്തര വകുപ്പിനെ കുറിച്ച് പറയുന്ന ആളല്ല അൻവർ.മുഖ്യമന്ത്രിയുടെ 29 വകുപ്പും സമയവും നടത്തിപ്പുമൊക്കെ പറയുന്ന ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് അൻവർ. കണ്ണൂരിലെ സിപിഐഎമ്മിന്റെ കണ്ണായിരുന്ന ധനരാജ് കൊല്ലപ്പെട്ടപ്പോൾ ശക്തമായ നടപടി ആവിശ്യപ്പെട്ട് പാർട്ടി നടത്തിയ സ്റ്റേഷൻ മാർച്ചിന്റെ അന്ന് മുതൽ പലരും പറഞ്ഞ് പറഞ്ഞു മടുത്തൊഴിവാക്കിയ പ്രശ്നമാണ് ആഭ്യന്തരം!
2018 സമ്മേളനത്തിൽ ഒന്നും മിണ്ടാതെയും 21 ൽ പതുകെ മിണ്ടിയും 22 ന് ശേഷം ഒളിഞ്ഞും തെളിഞ്ഞും ഉറക്കെയും പറഞ്ഞിട്ടും സ്റ്റേറ്റ് നേതൃത്വം ഒരു ഗൗരവവും നൽകാത്ത വിഷയമാണ് ആഭ്യന്തരം. പാർട്ടിയുടെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയം കൊണ്ട് ഉണ്ടാക്കിയെടുത്ത ചോദ്യം ചോദിക്കാനുള്ള അവകാശങ്ങളൊക്കെ വെറും എട്ട് കൊല്ലം കൊണ്ട് കുഴിച്ച് മൂടിയ പോലീസ് വലത് ആശയങ്ങളെ പോലീസിൽ കുത്തി നിറച്ചു.പ്രവർത്തകർ അടികൊണ്ടും കരഞ്ഞും നിലവിളിച്ചും നടക്കുമ്പോൾ സ്റ്റേറ്റ് നേതൃത്വം പേടിപ്പിക്കുന്ന രാഷ്ട്രീയ മൂല്യച്യുതിയിലേക്ക് താഴ്ന്നു. അതിന്റെ അവസാനത്തെ അധ്യായത്തിലാണ് അൻവർ വരുന്നത്. അൻവറിന്റെ പിന്നിൽ ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ദുരിതാവസ്ഥ മാറട്ടെ എന്ന് പലരും ആഗ്രഹിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിൽ സിപിഐഎമ്മിന് നേതൃത്വമുണ്ടോ? എന്നൊരു സംശയമുണ്ട്. രണ്ടോ മൂന്നോ തവണയായി സുനിൽകുമാർ ഗൂഢാലോചന ആരോപിക്കുന്നു. പിണറായി ഒരു മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ പറഞ്ഞിട്ട് 5 മാസമായി. ബിജെപി പോലീസിനെതിരെ നടപടി ആവശ്യമില്ലെന്നും ചെറിയ പിഴവാണ് എസ്‌പി നടത്തിയത് എന്നും പോളിംഗ് കഴിഞ്ഞ ദിവസം മുതൽ പറഞ് തുടങ്ങി.
അന്വേഷണവിവരം പുറത്ത് വിടണം എന്ന സുനിലിന്റെ ആവശ്യത്തോട് എന്താണ് സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നിലപാട്. ജില്ലയിലെ സ്റ്റേറ്റ് കമ്മിറ്റിക്കാർക്ക് എന്താണ് പറയാനുള്ളത്? പൂരം അലങ്കോലമാക്കിയ പ്രശ്‌നത്തിൽ അന്വേഷണം വേണ്ടേ? റിപ്പോർട്ട് വേണ്ടേ ? ഇതാണ് പിബി മെമ്പറുടെ വകുപ്പിൽ സ്റ്റേറ്റ് കമ്മിറ്റി നേതാവ് ‘നിരീക്ഷിക്കുന്ന’ പോലീസ് കാലത്തെ ഒരു ജില്ലാ സിപിഐഎം നേതൃത്വത്തിന്റെ അവസ്ഥ, അവിടെയാണ് അൻവർ മികച്ചവനും പ്രതീക്ഷ തന്നവനുമാകുന്നത്.
അൻവർ നാല് ദിവസം നടത്തിയ പ്രവർത്തനം ഓർമ്മിക്കപ്പെടും, എത്രയോ മാസങ്ങളായി വർഗീയ- പ്രചാരണങ്ങൾക്ക് എതിരെ നടത്തിയ രാഷ്ട്രീയം ആദരിക്കപ്പെടും. അൻവർ പോയാലും ചോദ്യങ്ങൾ അവിടെ കിടക്കും- പാർട്ടി ഉണ്ടാകണോ? വേണ്ടയോ എന്നതൊക്കെ പാർട്ടിയുടെ കാര്യം.എന്നാൽ വർഗീയതകൾക്ക് എതിരെ കേരളപോലീസിനെ കൊണ്ട് പിണറായിയും സിപിഐഎം എന്ത് ചെയ്യിപ്പിച്ചു എന്നത് നാട് മുഴുവൻ ചോദിക്കുന്ന ചോദ്യമായി നിൽക്കും. തൃശൂരിൽ എന്താണ് ഉണ്ടായത് എന്ന് പോലീസ് സത്യസന്ധമായി പറയും വരെ സുനിൽ കുമാറിന്റെ മാത്രം പ്രശ്നമല്ല അത്.



