...
Home News National ചോദ്യപേപ്പർ ചോർച്ച: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പോരെന്ന് സിജെപി

ചോദ്യപേപ്പർ ചോർച്ച: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പോരെന്ന് സിജെപി

സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ, "Hi, my name is Nothing" എന്ന അടിക്കുറിപ്പോടെ ധർമ്മേന്ദ്ര പ്രധാന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് വിമർശനം ഉന്നയിച്ചു

3

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പ്രശ്നത്തിന്റെ അടിസ്ഥാനകാരണം പരിഹരിക്കുന്നില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വിമർശിച്ചു. വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണെന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടും പാർട്ടി രംഗത്തെത്തി.

വ്യാഴാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് പേപ്പർ ചോർച്ച കേസുകളിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. “യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനപ്പെട്ട മറ്റൊന്നുമില്ല”െന്നും അദ്ദേഹം കുറിച്ചു.

ഇതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ, “Hi, my name is Nothing” എന്ന അടിക്കുറിപ്പോടെ ധർമ്മേന്ദ്ര പ്രധാന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് വിമർശനം ഉന്നയിച്ചു. അതേസമയം, “ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണം” എന്ന ആവശ്യം പാർട്ടിയും എക്‌സിലൂടെ ആവർത്തിച്ചു.

സിജെപി ദേശീയ വക്താവ് അശുതോഷ് റാങ്ക, പ്രധാനമന്ത്രിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്തെങ്കിലും ഒന്നര മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നതെന്ന് ചൂണ്ടിക്കാട്ടി. പേപ്പർ ചോർച്ചയ്ക്ക് ശേഷം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നത് മാത്രം മതിയാകില്ലെന്നും, ഇത്തരം ചോർച്ചകൾ ആവർത്തിക്കാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

“സംഭവത്തിന് ശേഷം ശിക്ഷ നൽകുന്നത് ഒരു കാര്യമാണ്. എന്നാൽ പേപ്പർ ചോർച്ച എന്തുകൊണ്ടാണ് ആവർത്തിക്കുന്നത് എന്ന ചോദ്യത്തിന് സർക്കാർ മറുപടി നൽകണം. പ്രശ്നം ഉണ്ടാകുന്നത് തടയുകയാണ് യഥാർത്ഥ പരിഹാരം,” റാങ്ക പറഞ്ഞു.

സംവിധാനത്തിലെ വീഴ്ചകളും ഉത്തരവാദിത്തക്കുറവും പരിഹരിക്കാതെ ഇത്തരം പ്രഖ്യാപനങ്ങൾ മാത്രം മതിയാകില്ലെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രക്ഷോഭം ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഒതുങ്ങുന്നില്ലെന്നും, കേന്ദ്ര നേതൃത്വത്തിനെതിരായ ജനരോഷം വർധിച്ചുവരികയാണെന്നും റാങ്ക അവകാശപ്പെട്ടു. പ്രധാനമന്ത്രിയോട് നേരിട്ട് ഉത്തരവാദിത്തം ചോദിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധ വേദികളിൽ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ, വിദ്യാഭ്യാസ സംവിധാനത്തിലെ പരിഷ്‌കരണം, ധർമ്മേന്ദ്ര പ്രധാന്റെ രാജി എന്നിവ ആവശ്യപ്പെട്ടാണ് ജൂൺ 20 മുതൽ സിജെപി നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്.

ജൂൺ 28-ന് സമരത്തിൽ പങ്കുചേർന്ന കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക് അന്നുമുതൽ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ ശിക്ഷാനടപടികളോ എഫ്‌ഐആറുകളോ സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.