...
Home News Kerala കശുവണ്ടി അഴിമതി കേസിൽ ആര്‍.ചന്ദ്രശേഖരന് കുരുക്ക്

കശുവണ്ടി അഴിമതി കേസിൽ ആര്‍.ചന്ദ്രശേഖരന് കുരുക്ക്

18 വര്‍ഷത്തെ പോരാട്ടം വിജയം കണ്ടുവെന്ന് കടകംപള്ളി മനോജ് പ്രതികരിച്ചു

4

കശുവണ്ടി അഴിമതി കേസില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന് കുരുക്ക്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി ഉത്തരവ് കോടതിക്ക് കൈമാറുന്നു. കേസിലെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും.

പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനെയും മുന്‍ എംഡി കെഎ രതീഷിനെയും പ്രൊസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഉത്തരവ് സര്‍ക്കാര്‍ ബുധനാഴ്‌ച രാത്രിയാണ് പുറപ്പെടുവിച്ചത്. കൊല്ലത്തെ ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയെ തുടര്‍ന്നാണ് പ്രൊസിക്യൂഷന്‍ അനുമതി നല്‍കിയത്.

18 വര്‍ഷത്തെ പോരാട്ടം വിജയം കണ്ടുവെന്ന് കടകംപള്ളി മനോജ് പ്രതികരിച്ചു. വലിയഘട്ടം പൂര്‍ത്തിയായി. ഭരണമാറ്റം വലിയൊരു ഘടകമായി. പ്രോസിക്യൂഷന്‍ അനുമതി കൊടുക്കണമെന്ന് കോണ്‍ഗ്രസില്‍ തന്നെ പല നേതാക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നാണ് അറിഞ്ഞത് എന്നും കടകംപള്ളി മനോജ് പറഞ്ഞു. എല്ലാതരത്തിലും എതിര്‍കക്ഷികള്‍ തന്നെ ഉപദ്രവിച്ചിരുന്നു. എന്നാല്‍ കണ്‍മുന്നില്‍ നടന്ന അഴിമതി തെളിയിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസം തനിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിബിഐ കുറ്റപത്രം നല്‍കിയ കേസില്‍ ആര്‍.ചന്ദ്രശേഖരന് പിണറായി സര്‍ക്കാര്‍ മൂന്നുതവണ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ വിചാരണാ നടപടികള്‍ വൈകാതെ ആരംഭിക്കും. പ്രോസിക്യൂഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എപി മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു.

ഹൈക്കോടതിയില്‍ നേരിട്ടെത്തി തിങ്കളാഴ്‌ച വിശദീകരണം നല്‍കാനാണ് മുഹമ്മദ് ഹനീഷനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് കോടതി മൂന്നുതവണ നിര്‍ദേശിച്ചിട്ടും പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് കോടതി നടപടി സ്വീകരിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.