...
Home News National താൻ കുഴിച്ച കുഴിയിൽ വീഴാതെ രക്ഷപ്പെട്ട് രാഘവ് ഛദ്ദ; നാല് വർഷം മുൻപത്തെ ആ ബില്ല്...

താൻ കുഴിച്ച കുഴിയിൽ വീഴാതെ രക്ഷപ്പെട്ട് രാഘവ് ഛദ്ദ; നാല് വർഷം മുൻപത്തെ ആ ബില്ല് നിയമമായിരുന്നെങ്കിൽ ബിജെപി പ്രവേശം അസാധ്യം

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വെറും മൂന്ന് മാസമായപ്പോഴാണ് കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി 2022 ഓഗസ്റ്റ് അഞ്ചിന് രാഘവ് ഛദ്ദ ഒരു സ്വകാര്യ ബിൽ കൊണ്ടുവന്നത്.

226

ആം ആദ്മി പാർട്ടിയുടെ യുവനേതാവായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് എംപിമാർ ബിജെപിയിൽ ചേർന്നത് പാർട്ടിയെ കടുത്ത ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. ഈ കൂട്ടപ്പലായനത്തോടെ രാജ്യസഭയിൽ എഎപിയുടെ അംഗബലം പത്തിൽനിന്ന് മൂന്നായി ചുരുങ്ങി. ഛദ്ദയുടെ ഈ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുമ്പോൾ എല്ലാവരും പ്രധാനമായും വിരൽചൂണ്ടുന്നത് നാല് വർഷം മുൻപ് അദ്ദേഹംതന്നെ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ലിലേക്കാണ്. ആ ബില്ല് അന്ന് നിയമമായി മാറിയിരുന്നെങ്കിൽ ഇന്ന് ഛദ്ദയ്ക്കും സംഘത്തിനും ഈ കൂറുമാറ്റം നിയമപരമായി സാധ്യമാകുമായിരുന്നില്ല എന്നതാണ് വസ്തുത.

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വെറും മൂന്ന് മാസമായപ്പോഴാണ് കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി 2022 ഓഗസ്റ്റ് അഞ്ചിന് രാഘവ് ഛദ്ദ ഒരു സ്വകാര്യ ബിൽ കൊണ്ടുവന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പാർട്ടി മാറുന്ന ‘റിസോർട്ട് രാഷ്ട്രീയം’ തടയണമെന്നായിരുന്നു അന്ന് അദ്ദേഹം ശക്തമായി വാദിച്ചിരുന്നത്. എന്നാൽ ആ ബില്ല് നിയമമാകാതെ പോയത് ഇന്ന് ഛദ്ദയ്ക്ക് ബിജെപിയിലേക്കുള്ള വഴി എളുപ്പമാക്കുകയായിരുന്നു.

നിലവിലുള്ള കൂറുമാറ്റ നിരോധന നിയമപ്രകാരം (ഭരണഘടനയിലെ പത്താം ഷെഡ്യൂൾ), ഒരു പാർട്ടിയുടെ മൂന്നിൽ രണ്ട് വിഭാഗം അംഗങ്ങൾ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ അവർക്ക് അയോഗ്യത ബാധകമാകില്ല. എന്നാൽ ഛദ്ദയുടെ ബില്ല് ഈ പരിധി മൂന്നിൽ രണ്ട് എന്നതിൽ നിന്ന് നാലിൽ മൂന്ന് (3/4) ആയി ഉയർത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. കൂടാതെ, തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറുന്നവർക്ക് ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്ന വ്യവസ്ഥയും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

ഛദ്ദയുടെ നിർദ്ദേശപ്രകാരമുള്ള നിയമമാണ് നിലവിലുണ്ടായിരുന്നതെങ്കിൽ ഈ കൂറുമാറ്റം അസാധ്യമാകുമായിരുന്നു. കാരണം, പത്ത് എഎപി എംപിമാരിൽ ഏഴ് പേരുടെ പിന്തുണയാണ് നിലവിൽ ഛദ്ദയ്ക്കുള്ളത്. എന്നാൽ നാലിൽ മൂന്ന് ഭൂരിപക്ഷം വേണമെന്ന നിയമമായിരുന്നെങ്കിൽ കുറഞ്ഞത് എട്ട് എംപിമാരുടെ പിന്തുണ അദ്ദേഹത്തിന് ആവശ്യമായി വരുമായിരുന്നു. മാത്രമല്ല, നിയമപ്രകാരം ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യതയും ഇവർക്ക് നേരിടേണ്ടി വരുമായിരുന്നു.

എഎപിയിലേത് “വിഷലിപ്തമായ തൊഴിലന്തരീക്ഷം” ആണെന്നും മറ്റ് വഴികളില്ലാത്തതിനാലാണ് താൻ പാർട്ടി വിട്ടതെന്നുമാണ് ബിജെപി പ്രവേശത്തിന് ശേഷം രാഘവ് ഛദ്ദ നൽകുന്ന വിശദീകരണം. എന്നാൽ ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് എഎപിയിൽ നിന്ന് ഉണ്ടാകുന്നത്. ഛദ്ദയുടെ വിവാഹം നടന്നത് പോലും പാർട്ടി അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയതുകൊണ്ടാണെന്ന് എഎപി നേതാക്കൾ പരിഹസിച്ചു. ഇതിനിടെ, ഏഴ് എംപിമാർ ബിജെപിയിൽ ലയിച്ചത് രാജ്യസഭാ ചെയർമാൻ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.

രാജി, പിളർത്തൽ, ലയനം എന്നിങ്ങനെ പലവിധത്തിലുള്ള ‘ഓപ്പറേഷൻ താമര’ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് എഎപി ആരോപിക്കുന്നു. സ്വന്തം ബില്ലിലെ കർശനമായ വ്യവസ്ഥകൾ നിലവിലെ കൂറുമാറ്റത്തിന് തടസ്സമാകാത്തത് ഛദ്ദയെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ ഭാഗ്യമായി മാറിയിരിക്കുകയാണ്. കൂറുമാറ്റ നിരോധന നിയമം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് രാഘവ് ഛദ്ദയുടെ ഈ നിലപാട് മാറ്റം വിരൽചൂണ്ടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.