...
Home News International ഇന്ത്യാവിരുദ്ധ നേതാവ് ഇല്‍ഹാന്‍ ഒമറിനൊപ്പം രാഹുല്‍ ഗാന്ധി; യുഎസ് കോണ്‍ഗ്രസിലെ കൂടിക്കാഴ്‌ചക്ക് എതിരെ ബിജെപി

ഇന്ത്യാവിരുദ്ധ നേതാവ് ഇല്‍ഹാന്‍ ഒമറിനൊപ്പം രാഹുല്‍ ഗാന്ധി; യുഎസ് കോണ്‍ഗ്രസിലെ കൂടിക്കാഴ്‌ചക്ക് എതിരെ ബിജെപി

യുഎസ് കോണ്‍ഗ്രസില്‍ ഇന്ത്യവിരുദ്ധ പ്രമേയം അവതരിപ്പിച്ചയാളാണ് ഇല്‍ഹാന്‍

330

യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യാവിരുദ്ധ നേതാവായ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്‌ച നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി. എന്തിനാണ് രാഹുല്‍ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്‌ച നടത്തിയതെന്ന് ബിജെപി വൃത്തങ്ങള്‍ ചോദിച്ചു.

ത്രിദിന സന്ദര്‍ശനത്തിനായി യുഎസിലെത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വംശജരുമായും വിദ്യാര്‍ത്ഥികളുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ റെയ്ബണ്‍ ഹൗസ് ഓഫീസ് ബില്‍ഡിംഗില്‍ വെച്ച് ബ്രാഡ്‌ലി ജെയിംസ് ഷെര്‍മാന്‍ ആതിഥേയത്വം വഹിച്ച യോഗത്തിലും രാഹുല്‍ പങ്കെടുത്തു.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ജൊനാഥന്‍ ജാക്‌സണ്‍, രാജ കൃഷ്‌ണമൂര്‍ത്തി, ബാര്‍ബറ ലീ, ശ്രീ താനേഡര്‍, ഇല്‍ഹാന്‍ ഒമര്‍, ഹാങ്ക് ജോണ്‍സണ്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. പിന്നാലെ ഇല്‍ഹാന്‍ ഒമറിനൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്‌തു.

“സിഖുകാര്‍ക്കെതിരെ വിഷം ചീറ്റുകയും വിദേശ മണ്ണില്‍ ഇന്ത്യയെ അപമാനിക്കുകയും ചെയ്‌ത രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഇന്ത്യ വിരുദ്ധയായ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്‌ച നടത്തിയിരിക്കുന്നു,” -എന്ന് ചിത്രം പങ്കുവെച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

“യുഎസ് കോണ്‍ഗ്രസില്‍ ഇന്ത്യവിരുദ്ധ പ്രമേയം അവതരിപ്പിച്ചയാളാണ് ഇല്‍ഹാന്‍. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ച അവര്‍ പാക് അധിനിവേശ കാശ്‌മീർ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇസ്ലാമോഫോബിയയെ പറ്റിയും മറ്റും ചര്‍ച്ച ചെയ്യുന്നതിനായി അവര്‍ ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്‌ച നടത്തി. ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇല്‍ഹാന്‍,: എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘എന്തിനാണ് രാഹുല്‍ ഗാന്ധി അവരുമായി കൂടിക്കാഴ്‌ച നടത്തിയത്? എന്തുകൊണ്ടാണ് എല്ലാ വിദേശയാത്രയിലും ഇത്തരം ഇന്ത്യാവിരുദ്ധ നയങ്ങള്‍ അദ്ദേഹം സ്വീകരിക്കുന്നത് ?,’ -അദ്ദേഹം ചോദിച്ചു.

‘സ്വതന്ത്ര കാശ്‌മീർ വാദത്തെ അനുകൂലിക്കുന്ന ഇന്ത്യാവിരുദ്ധ നേതാവായ ഇല്‍ഹാന്‍ ഒമറുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയിരിക്കുന്നു. കോണ്‍ഗ്രസ് പരസ്യമായി ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്,’’ എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്‌സില്‍ കുറിച്ചത്.

ആരാണ് ഇല്‍ഹാന്‍ ഒമര്‍?

ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്ന അമേരിക്കന്‍ രാഷ്ട്രീയ നേതാവാണ് ഇല്‍ഹാന്‍ അബ്ദുല്ലാഹി ഒമര്‍. യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയായ ഈ 41കാരി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം കൂടിയാണ്.

രണ്ട് വര്‍ഷം മുമ്പാണ് ഇല്‍ഹാന്‍ ഒമര്‍ പാക് അധിനിവേശ കാശ്‌മീർ സന്ദര്‍ശിച്ചത്. ഒമറിൻ്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഇന്ത്യ അന്ന് രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലേക്കുള്ള നാല് ദിവസത്തെ സന്ദര്‍ശനത്തിൻ്റെ ഭാഗമായാണ് അവര്‍ പാക് അധിനിവേശ കാശ്‌മീരിലെത്തിയത്.

ജമ്മുകാശ്‌മീരിന്‌ മേലുള്ള പാകിസ്ഥാൻ്റെ അവകാശവാദത്തെ അനുകൂലിച്ചയാൾകൂടിയാണ് ഇല്‍ഹാന്‍ ഒമര്‍. കൂടാതെ ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ വിമര്‍ശിച്ചും ഇല്‍ഹാന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ഇന്ത്യയില്‍ സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും പരിമിതികളുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിര്‍ജീനിയയിലെ ഇന്ത്യന്‍ വംശജരുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമര്‍ശം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.