...
Home News Kerala രാഹുലും ഷാഫിയും സംഘപരിവാറും

രാഹുലും ഷാഫിയും സംഘപരിവാറും

ഒടുവിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്ത് കേസായപ്പോൾ വക്കാലത്ത് ഏൽപ്പിച്ചത് കറകളഞ്ഞ ആർഎസ്‌എസുകാരനായ ഒരു സംഘി വക്കീലിന്.

309

| ശ്രീകാന്ത് പികെ

“ഞാനൊരു വലതുപക്ഷ – സവർണ്ണ ഹിന്ദുത്വ – ബ്രാഹ്മണിക്കൽ ആക്റ്റിവിസ്റ്റാണ്”
മലയാള ചാനൽ ചരിത്രത്തിൽ ഇങ്ങനെ തുറന്ന് പറഞ്ഞു കൊണ്ട് ഡിബേറ്റിൽ പങ്കെടുത്ത ഒരു പക്ഷേ ഒരേയൊരാളാകും രാഹുൽ ഈശ്വർ. അടിയുറച്ച ഹിന്ദുത്വ വാദി. ആർഎസ്‌എസ്‌ മുതൽ വിശ്വ ഹിന്ദു പരിഷത്ത് വരെയുള്ള സംഘപരിവാർ സംഘടനകളെ ബഹുമാനപൂർവ്വം എന്നും പുൽകുന്നയാൾ.

ആർഎസ്‌എസ്‌ സർ സംഘ് ചാലക് ആയിരുന്ന ഗോൾവാൾക്കറിനും മഹാത്മാ ഗാന്ധിക്കും ഒരേ ആശയമായിരുന്നു എന്നതടക്കമുള്ള അപകടകരമായ വാദങ്ങളുയർത്തി ക്ലാസിക്കൽ സംഘപരിവാറിനെ പൊതുമധ്യത്തിൽ നോർമലൈസ് ചെയ്യാനും സ്വീകാര്യമാക്കാനും ഏറെ കാലം മുന്നേ തന്നെ പണിയെടുത്ത് തുടങ്ങിയ കുശാഗ്ര ബുദ്ധിയുള്ള കൗശലക്കാരൻ.

ആ വലതുപക്ഷ – സവർണ്ണ – ഹിന്ദുത്വ ബ്രാഹ്മണിക്കൽ – ആക്റ്റിവിസ്റ്റായ രാഹുൽ ഈശ്വറാണ് ഇന്ന് മുസ്ലീം ലീഗുകാരുടെ പുതിയ പ്രവാചകൻ. ‘നട്ടെല്ലുള്ളവൻ, ആൺകുട്ടി, ഹൃദയത്തിൽ നിന്നൊരു ലൈക് എന്നൊക്കെയുള്ള കമന്റുകളിലൂടെ’ പ്രായഭേദമന്യേയുള്ള ലീഗുകാർ രാഹുൽ ഈശ്വറിനെ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും കൊണ്ട് മൂടുകയാണ്. എന്തിന്? രാഹുൽ ഈശ്വർ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഓവർ ടൈം പണിയെടുക്കുന്ന ഒറ്റ കാരണം കൊണ്ട്. കോൺഗ്രസ് ഗ്രൂപ്പുകൾ വളരെ മുന്നേ തന്നെ രാഹുൽ ഈശ്വർ ഫാനുകൾ കൈയ്യടക്കി കഴിഞ്ഞിരുന്നു. സ്വന്തം നേതാവ് വി.ഡി സതീശനെ തെറി പറയുന്ന ഐഡികൾ വരെ രാഹുൽ ഈശ്വറിന്റെ അവരാത വീഡിയോകൾ അഭിമാനത്തോടെ ഷെയർ ചെയ്യുന്നു.

മലയാള ചലച്ചിത്ര നടിമാരിൽ തന്റെ രാഷ്ട്രീയ പക്ഷപാദിത്വം തുറന്ന് പറഞ്ഞ അപൂർവ്വം നടിമാരിൽ ഒരാളാണ് അനുശ്രീ. ആർഎസ്‌എസ്‌ പരിപാടികളിൽ സ്ഥിരസാനിധ്യമായ അവർ ‘സംഘികളുടെ ഭാരതാംബയുടെ’ വേഷമൊക്കെ കെട്ടി ആർഎസ്‌എസ്‌ പരിപാടിക്കൊക്കെ നിറഞ്ഞ് നിന്നിരുന്ന സിനിമാ താരമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദ ശേഷം തന്റെ പിആർ പരിപാടികൾക്കായി കൂടെ കൂട്ടിയത് ഇതേ അനുശ്രീയെയാണ്. അമ്പലത്തിലടക്കം പല പൊതു പരിപാടികളിലും അനുശ്രീക്കൊപ്പം കാശെറിഞ്ഞ് കൂടെ കൂട്ടിയ ഓൺലൈൻ ചാനലുകളിലൂടെ റീൽസ് നിർമ്മാണമായിരുന്നു പ്രധാന പണി.

ഒടുവിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്ത് കേസായപ്പോൾ വക്കാലത്ത് ഏൽപ്പിച്ചത് കറകളഞ്ഞ ആർഎസ്‌എസുകാരനായ ഒരു സംഘി വക്കീലിന്. സ്വന്തമായി വക്കീൽ അപ്പീസ് ഉള്ളതും ഇല്ലാത്തതുമായ ഡസൻ കണക്കിന് മുൻനിര വക്കീലന്മാർ കോൺഗ്രസ് പാർടിയിലും അനുഭാവി വൃന്ദത്തിലുമുണ്ട്. ഇനി അതല്ലെങ്കിൽ, പിണറായി വിജയനെ തോൽപ്പിച്ച് ടിപി സെൻകുമാറിന് സുപ്രീം കോടതി വരെ പോയി ഡിജിപി പദവി വാങ്ങി കൊടുത്ത വക്കീലന്മാർ മുസ്ലീം ലീഗിലുണ്ട്. എന്നിട്ടും രാഹുൽ മാങ്കൂട്ടം കേസ് ഏൽപ്പിച്ചത് ഒരു മൂത്ത സംഘി വക്കീലിന്.

പരാതിയെ തുടർന്ന് കേസെടുത്തപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പിന്തുണച്ചു കൊണ്ട് ഇരയെ അധിക്ഷേപിക്കാൻ വന്നത് തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡ് ബിജെപി സ്ഥാനാർത്ഥിയും, മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥയുമായ ബിജെപി നേതാവ് ആർ. ശ്രീലേഖ. തങ്ങൾൾക്ക് ഏറെ ശക്തിയുള്ള ബിജെപിയുടെ ഒരു എ ക്ലാസ് മണ്ഡലത്തിലെ എംഎൽഎ
ക്കെതിരെ ഇത്രയും പ്രമാദമായ ഒരു രാഷ്ട്രീയ ആരോപണം വന്നിട്ട് പോലും സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞത് അഴകൊഴമ്പൻ നിലപാട്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഐ(എം) – കോൺഗ്രസ് ഒത്തുകളിയത്രേ.

എങ്ങനെയാണ് രാഹുൽ മങ്കൂട്ടത്തിലിനും അയാളുടെ ഹെഡ് മാഷ് ഷാഫി പറമ്പിലിനുമൊക്കെ ഇങ്ങനെ ബിജെപി നേതാക്കളുമായും സംഘി ഐക്കണുകളുമായുമൊക്കെ ഈസിയായി ഇടപാട് നടത്താൻ പറ്റുന്നത് എന്ന് ആർക്കും ചോദ്യങ്ങളില്ല! എന്ത് കൊണ്ടാണ് നാട്ടിലെങ്ങും വക്കീലില്ലാത്തത് പോലെ ഒരു രണ്ടാം നിര സംഘി വക്കീലിന് വക്കാലത്ത് കൊടുത്തത് എന്ന് ആർക്കും സംശയങ്ങളില്ല. എങ്ങനെയാണ് രാഹുൽ ഈശ്വറിനെ പോലെയൊരു കൂടിയ സംഘി വിഷം കോൺഗ്രസ് – ലീഗുകാർക്ക് പുതിയ പ്രവാചകനാകുന്നത് എന്നതിനെ കുറിച്ച് ആർക്കും വേവലാതിയില്ല.

ഹുക്കുമത്തെ ഇലാഹി സംഘക്കാർ സി.പി.ഐ.എമ്മിലെ അവസാന ഹിന്ദു പേരുകാരനെയും സംഘിയാക്കി. മുസ്ലീം പേരുകാർക്കൊക്കെ മാപ്ലാവ് പട്ടം നൽകി. ‘പുണ്യ ജന്മമാണീ രാഹുൽ ജിന്ദാവാ ‘ അടിമകൾ രാഹുൽ ഈശ്വറിന്റെ കാലിനിടയിൽ നിന്ന് തലപൊക്കി സിജെപി എന്ന് വെരകി വീണ്ടും അങ്ങോട്ട് തന്നെ തല പൂഴ്ത്തിയിട്ടുണ്ട്. പിന്നെ ബാക്കിയുള്ളത് ഇടയ്ക്കിടെ ഞെട്ടിത്തരിക്കുന്ന 64 പേരുടെ ഒപ്പിടൽ സംഘവും, യഥാർത്ഥ ഇടതുപക്ഷക്കാരും, പൊളിറ്റിക്കൽ കറക്റ്റ്നെസിനായി ജീവിതം ഉഴിഞ്ഞു വച്ച ചില രുമായിരുന്നു. ശ്രീലങ്കയിലടിച്ച ചുഴലികാറ്റിന്റെ വേദനയിൽ എല്ലെണ്ണവും അതീവ ദുഃഖത്തിലാണ്. മറ്റു ഭാരിച്ച കാര്യങ്ങളിലൊന്നും അഭിപ്രായം പറയാനുള്ള മാനസികാരോഗ്യമില്ല. അല്ലേൽ കാണായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.