...
Home News National ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗത്തിലാകും; റിസർവേഷൻ സംവിധാനം നവീകരിച്ച് റെയിൽവേ

ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗത്തിലാകും; റിസർവേഷൻ സംവിധാനം നവീകരിച്ച് റെയിൽവേ

റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകളുടെ ബുക്കിങ്, റദ്ദാക്കൽ, സീറ്റ് അനുവദിക്കൽ, വെയിറ്റിങ് ലിസ്റ്റ്, ആർഎസി സ്റ്റാറ്റസ് തുടങ്ങിയവ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം.

16

യാത്രക്കാരുടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി 2,200ലധികം ട്രെയിനുകളെ മെച്ചപ്പെടുത്തിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിലേക്ക് (PRS) മാറ്റി ഇന്ത്യൻ റെയിൽവേ. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള റിസർവേഷൻ സംവിധാനത്തിന് പകരമായി ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയുള്ള നവീകരണ പദ്ധതിയുടെ ഭാഗമായാണ് നടപടി.

2026 ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് 2,200ലധികം ട്രെയിനുകൾ പുതിയ സംവിധാനത്തിലേക്ക് മാറ്റിയതായി റെയിൽവേ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ ‘ദി ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിക്കുന്ന പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം കഴിഞ്ഞ ഓഗസ്റ്റിലാണ് ആരംഭിച്ചത്.

എന്താണ് പുതിയ പിആർഎസ്?

റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകളുടെ ബുക്കിങ്, റദ്ദാക്കൽ, സീറ്റ് അനുവദിക്കൽ, വെയിറ്റിങ് ലിസ്റ്റ്, ആർഎസി സ്റ്റാറ്റസ് തുടങ്ങിയവ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം. 1986ലാണ് ഇന്ത്യൻ റെയിൽവേ ഈ സംവിധാനം അവതരിപ്പിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി നവീകരണങ്ങൾ നടപ്പാക്കിയെങ്കിലും ഇപ്പോൾ കൂടുതൽ ആധുനികമായ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയാണ് മാറ്റം.

2002ലാണ് ഇന്ത്യൻ റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. നിലവിൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ആവശ്യകതയുടെ 89 ശതമാനവും ഓൺലൈൻ സംവിധാനങ്ങളിലൂടെയാണ് നിറവേറ്റുന്നത്. തിരക്കേറിയ സമയങ്ങളിലെ വെബ്സൈറ്റ് തടസ്സങ്ങൾ കുറയ്ക്കുന്നതിനും ബുക്കിങ് വേഗത്തിലാക്കുന്നതിനുമായി ഐആർസിടിസിയും ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ നവീകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സെർവറുകൾ, സംഭരണശേഷി, നെറ്റ്‌വർക്കിങ്, സോഫ്റ്റ്‌വെയർ എന്നിവ ഉൾപ്പെടുന്ന നെക്സ്റ്റ് ജനറേഷൻ ഇ-ടിക്കറ്റിങ് (NGET) സംവിധാനവും മെച്ചപ്പെടുത്തും. സിസ്റ്റം തകരാറിലായാലും സേവനം തടസ്സപ്പെടാതിരിക്കാൻ ആക്ടീവ്-ആക്ടീവ് ഡിസാസ്റ്റർ റിക്കവറി സംവിധാനവും നടപ്പാക്കും.

റെയിൽവൺ ആപ്പിൽ എഐ പ്രവചനം

2025ൽ ആരംഭിച്ച റെയിൽവൺ സൂപ്പർ ആപ്പിലും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടാനുള്ള സാധ്യത പ്രവചിക്കുന്ന സംവിധാനമാണ് ഇതിൽ പ്രധാനം.

റെയിൽവേയുടെ കണക്കനുസരിച്ച് റെയിൽവൺ ആപ്പിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് സ്ഥിരീകരണ പ്രവചനത്തിന്റെ കൃത്യത 53 ശതമാനത്തിൽനിന്ന് 94 ശതമാനമായി ഉയർന്നു. റിസർവ് ചെയ്തതും അല്ലാത്തതുമായ ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവയുടെ ബുക്കിങ്, റദ്ദാക്കൽ, റീഫണ്ട് തുടങ്ങിയ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്.

ട്രെയിൻ സമയക്രമം, തത്സമയ യാത്രാവിവരം, പ്ലാറ്റ്‌ഫോം വിവരങ്ങൾ, കോച്ചുകളുടെ സ്ഥാനം, ടിക്കറ്റ് സ്റ്റാറ്റസ്, റെയിൽ മദദ് വഴിയുള്ള യാത്രക്കാരുടെ സഹായം തുടങ്ങിയ സൗകര്യങ്ങളും റെയിൽവൺ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.