തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. ഇരുനേതാക്കളെയും അനുനയിപ്പിക്കാനുള്ള നീക്കവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രംഗത്തെത്തി. ഇരുവരുമായും ഫോണിൽ സംസാരിച്ച അവർ പരസ്യമായ വാക്പോര് അവസാനിപ്പിക്കണമെന്ന് നിർദേശിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രാജ്മോഹൻ ഉണ്ണിത്താനുമായി ആശയവിനിമയം നടത്തി.
അതേസമയം, തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ണിത്താൻ. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെങ്കിൽ അവരെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് കൂടുതൽ യുവ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ഇരുനേതാക്കളും പരസ്യപ്രതികരണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും നിർദേശം. എന്നാൽ, കാസർകോട് ഡിസിസി അധ്യക്ഷനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉണ്ണിത്താൻ പ്രധാനമായും ഉന്നയിക്കുന്നത്. തനിക്കെതിരായ സാമൂഹ്യമാധ്യമ ആക്രമണങ്ങൾക്ക് തുടക്കമിട്ടത് ഡിസിസി അധ്യക്ഷനാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പാർട്ടിക്കുള്ളിൽ നടന്ന യോഗത്തിലെ ചർച്ചകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിസിസി അധ്യക്ഷൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും ഇതാണ് സാമൂഹ്യമാധ്യമങ്ങളിൽ തനിക്കെതിരായ പ്രചാരണങ്ങൾക്ക് വഴിയൊരുക്കിയതെന്നുമാണ് ഉണ്ണിത്താന്റെ പരാതി. സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ പ്രവർത്തകരുണ്ടെന്ന് വ്യക്തമായാൽ അവർക്കെതിരെയും കർശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം നടപടികൾ ഉറപ്പാക്കിയാൽ മാത്രമേ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കൂ എന്ന നിലപാടാണ് ഉണ്ണിത്താൻ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ചർച്ചകൾ നടത്താമെന്നും ആവശ്യങ്ങൾ പരിശോധിക്കാമെന്നും ദീപ ദാസ് മുൻഷി അദ്ദേഹത്തിന് ഉറപ്പുനൽകിയതായാണ് വിവരം.
ഹൈക്കമാൻഡ് സമവായ നീക്കങ്ങൾ തുടരുമ്പോഴും ഉണ്ണിത്താൻ നിലപാടിൽ അയവുവരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പരസ്യപ്രതികരണത്തിനുള്ള സാധ്യത കുറവാണെങ്കിലും വരും ദിവസങ്ങളിലും സൈബർ ആക്രമണം തുടർന്നാൽ വീണ്ടും പരസ്യമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകുന്നത്.
ഷാഫി പറമ്പിലിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുമെന്നും തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ പുറത്തുവിടുമെന്നും ഉണ്ണിത്താൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാഫിക്കെതിരെ തന്റെ പക്കൽ തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഉണ്ണിത്താൻ പരസ്യപ്രതികരണങ്ങൾ തുടർന്നാൽ അത് കെപിസിസിക്കും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. അതേസമയം, ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഷാഫി പറമ്പിൽ തന്നെ മറുപടി പറയണമെന്ന ആവശ്യവുമായി ഷാഫി അനുകൂലികളും രംഗത്തുണ്ട്. തർക്കം കൂടുതൽ വഷളാകാതെ പരിഹരിക്കാനുള്ള ഹൈക്കമാൻഡിന്റെ നീക്കം എത്രത്തോളം വിജയിക്കുമെന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


