...
Home News Kerala രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറയണം’: എകെ ബാലന്‍

രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറയണം’: എകെ ബാലന്‍

കോണ്‍ഗ്രസിൻ്റെത് പരിഹാസ്യമായ സമീപനമാണെന്നും എകെ ബാലന്‍

227

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് സിപിഐഎം നേതാവ് എകെ ബാലന്‍. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നതെന്നും കോണ്‍ഗ്രസിൻ്റെത് പരിഹാസ്യമായ സമീപനമാണെന്നും എകെ ബാലന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്‌ത കാര്യങ്ങള്‍ തുടരുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി പറഞ്ഞത്, അത് കടന്ന കൈ ആയിപ്പോയി, എകെ ബാലൻ പറഞ്ഞു.

മൂന്ന് പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമെന്നാണോ രമേഷ് പിഷാരടി പറയുന്നതെന്ന് എകെ ബാലന്‍ ചോദിച്ചു. രാഹുല്‍ ചെയ്‌ത തെറ്റുകള്‍ക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം പിഷാരടി വോട്ട് ചോദിക്കാനെന്നും എകെ ബാലന്‍ പറഞ്ഞു. പാലക്കാട് ബിജെപി- കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്ന് പറയില്ലെന്നും കോങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ട് മറിക്കാനും മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് വോട്ട് മറിക്കാനും ഡീലുണ്ടന്നും എ കെ ബാലന്‍ പറഞ്ഞു.

ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ നൽകിയ വികസനത്തിൻ്റെ തുടർച്ചയാണ് ആഗ്രഹമെന്നും നിലവിലെ എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ നല്ല പദ്ധതികൾ ഏറ്റെടുക്കുമെന്നും രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പിന്തുണച്ചതെന്നും കോടതിയിൽ ഇരിക്കുന്ന വിഷയം അനുകൂലമായാലും പ്രതികൂലമായാലും അദ്ദേഹം തന്നെ അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും രാഹുൽ തനിക്കുവേണ്ടി ഇറങ്ങുമോ എന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും രമേഷ് പറഞ്ഞു.

കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താൻ കരുതുന്നതെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ വന്നപ്പോഴെല്ലാം തൻ്റെ പേര് പലയിടങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നെന്നും അന്നൊന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ശക്തമായി ആലോചിച്ചിരുന്നില്ലെന്നും പാലക്കാട് നിൽക്കാനാണ് പാർട്ടി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.