...
Home News National കേരള- തമിഴ്‌നാട് അതിർത്തിയിൽ റേഷൻ കരിഞ്ചന്ത മാഫിയ; റേഷനരി പോളിഷ് ചെയ്ത് വിൽക്കുന്നത് പ്രമുഖ ബ്രാൻഡുകളുടെ...

കേരള- തമിഴ്‌നാട് അതിർത്തിയിൽ റേഷൻ കരിഞ്ചന്ത മാഫിയ; റേഷനരി പോളിഷ് ചെയ്ത് വിൽക്കുന്നത് പ്രമുഖ ബ്രാൻഡുകളുടെ പേരിൽ

സ്ത്രീകളും റേഷൻ വ്യാപാരികളും ഉൾപ്പെടെയുള്ള വലിയ ഒരു സംഘമാണ് ഈ മാഫിയയ്ക്ക് പിന്നിലുള്ളത്

3

കേരള-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കുന്ന വൻ റേഷൻ കരിഞ്ചന്ത മാഫിയയുടെ തട്ടിപ്പുകൾ പുറത്ത്. റേഷൻ അരി സ്വകാര്യ മില്ലുകളിൽ എത്തിച്ച് പോളിഷ് ചെയ്ത്, രാസവസ്തുക്കളും കൃത്രിമ എണ്ണയും ചേർത്ത് പുതിയ ബ്രാൻഡുകളാക്കി വിപണിയിൽ വിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സ്ത്രീകളും റേഷൻ വ്യാപാരികളും ഉൾപ്പെടെയുള്ള വലിയ ഒരു സംഘമാണ് ഈ മാഫിയയ്ക്ക് പിന്നിലുള്ളത്.

അതിർത്തി പ്രദേശമായ ഊരമ്പ് കേന്ദ്രീകരിച്ച് നടന്ന രഹസ്യ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പുലർച്ചെ നാലര മണി മുതൽ അരിമില്ലുകളിലേക്ക് ലോറികൾ എത്തിത്തുടങ്ങും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് രാത്രികാലങ്ങളിലാണ് ബൈപ്പാസ് വഴിയുള്ള ലോഡുകളുടെ നീക്കം.

മാഫിയയുടെ പ്രവർത്തനം ഇങ്ങനെ

കളിയിക്കാവിള, ഇഞ്ചിവിള, ഊരമ്പ്, കുഴിഞ്ഞാന്‍വിള, നെടുവാന്‍വിള തുടങ്ങിയ സ്ഥലങ്ങളിൽ ബിനാമികളുടെ പേരിലാണ് അനധികൃത ഗോഡൗണുകൾ പ്രവർത്തിക്കുന്നത്. അരിക്കച്ചവടമെന്ന വ്യാജേന പഞ്ചായത്തിൽ നിന്നും ജിഎസ്ടി ലൈസൻസും കരസ്ഥമാക്കിയാണ് ഈ കറുത്ത ബിസിനസ്.

  • ശേഖരണം: തമിഴ്‌നാട്ടിൽ സൗജന്യമായി ലഭിക്കുന്ന റേഷനരി കിലോയ്ക്ക് 25 രൂപ നിരക്കിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നു. കേരളത്തിലെ റേഷൻ കടകളിൽ നിന്ന് ചാക്കുകൾ കുത്തിയെടുത്തും അരി സംഘടിപ്പിക്കുന്നുണ്ട്. സൈക്കിൾ മുതൽ ലോറികളിൽ വരെയുള്ള വാഹനങ്ങളിലാണ് ഇവ ഗോഡൗണുകളിൽ എത്തിക്കുന്നത്.
  • പോളിഷും മാറ്റങ്ങളും: ഗോഡൗണുകളിൽ എത്തുന്ന അരി രാസവസ്തുക്കൾ ചേർത്ത് പോളിഷ് ചെയ്ത് നിറം മാറ്റുന്നു. ഊരമ്പിലെ ഗോഡൗണിൽ നിന്ന് ദിവസേന മുപ്പതോളം ലോഡ് അരിയാണ് പൂവാർ പാഞ്ചിക്കാലയിലെ അരിമില്ലിൽ എത്തിക്കുന്നത്.
  • വിതരണം: പവിഴം, നിർമൽ തുടങ്ങിയ അറിയപ്പെടുന്ന ബ്രാൻഡുകളുടെ പേരിലാണ് ഈ അരി വിപണിയിലെത്തിക്കുന്നത്. എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ തുടങ്ങിയ വടക്കൻ ജില്ലകളിലേക്കും കർണാടകയിലേക്കും ഇത് വലിയ തോതിൽ കയറ്റി അയക്കുന്നുണ്ട്.

സൂപ്പർമാർക്കറ്റിലെ കണ്ടെത്തലുകൾ

കാർത്തികേയന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ‘പവിഴം’, ‘നിർമൽ’ ബ്രാൻഡ് മട്ട അരി കഴുകി പരിശോധിച്ചപ്പോഴാണ് ഗുരുതരമായ കൃത്രിമത്വങ്ങൾ കണ്ടെത്തിയത്. സാധാരണ റേഷൻ അരി കഴുകുമ്പോൾ ലഭിക്കാത്ത കനത്ത എണ്ണമയവും കൃത്രിമ നിറവ്യത്യാസവും ഈ ബ്രാൻഡ് അരികളിൽ വ്യക്തമായി പ്രകടമായിരുന്നു.

സംസ്ഥാനത്ത് 2021 ജൂൺ മുതൽ 2025 ആഗസ്റ്റ് വരെയുള്ള നാല് വർഷത്തിനിടയിൽ മാത്രം വാതിൽപടി വിതരണത്തിലൂടെ എത്തേണ്ട കോടിക്കണക്കിന് രൂപയുടെ റേഷൻ അരിയാണ് കരിഞ്ചന്തക്കാർ തട്ടിയെടുത്തത്. തമിഴ്‌നാട്ടിലെ സൗജന്യ റേഷൻ അരിയടക്കം മാറ്റിമറിച്ചാണ് ഈ കോടികളുടെ തട്ടിപ്പ് നടക്കുന്നത്. സംഭവത്തിൽ റിപ്പോർട്ടർ സംഘത്തിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.