...
Home News ഡിജിറ്റൽ ബാങ്കിങ് തട്ടിപ്പുകൾക്ക് തടയിടാൻ ആർബിഐ; പണം കൈമാറ്റം ഉടൻ തടയാൻ ‘സ്റ്റോപ്പ് സ്വിച്ച്’ സംവിധാനം

ഡിജിറ്റൽ ബാങ്കിങ് തട്ടിപ്പുകൾക്ക് തടയിടാൻ ആർബിഐ; പണം കൈമാറ്റം ഉടൻ തടയാൻ ‘സ്റ്റോപ്പ് സ്വിച്ച്’ സംവിധാനം

63

ഓൺലൈൻ ബാങ്കിങ്, ഡിജിറ്റൽ ഇടപാടുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ പണം സുരക്ഷിതമാക്കാൻ നിർണായക പരിഷ്കാരങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സൈബർ തട്ടിപ്പുകൾ തിരിച്ചറിയുന്ന നിമിഷം തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പണം പിൻവലിക്കലും കൈമാറ്റവും തടയാൻ കഴിയുന്ന ‘സ്റ്റോപ്പ് സ്വിച്ച്’ സംവിധാനം ഉൾപ്പെടെയുള്ള പുതിയ സുരക്ഷാ സംവിധാനങ്ങളാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്. പുതിയ നിർദേശപ്രകാരം എല്ലാ ബാങ്കുകളും ഈ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ടിവരും.

‘കസ്റ്റമർ പ്രൊട്ടക്ഷൻ ഇൻ ഫ്രോഡ്യുലന്റ് ഇലക്ട്രോണിക് ബാങ്കിങ് ട്രാൻസാക്ഷൻസ്’ ചട്ടങ്ങളിൽ വരുത്തുന്ന ഭേദഗതികളുടെ ഭാഗമായാണ് ആർബിഐ പുതിയ മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചത്. അനധികൃത ഇടപാടുകൾ മൂലമുണ്ടാകുന്ന നഷ്ടത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനൊപ്പം സൈബർ തട്ടിപ്പുകൾ മുൻകൂട്ടി തടയുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.

തട്ടിപ്പ് തിരിച്ചറിഞ്ഞാൽ പണമിടപാടുകൾ തടയാം

സൈബർ തട്ടിപ്പിന് ഇരയാകുന്നതായി സംശയം തോന്നിയാൽ ഉപഭോക്താവിന് ഉടൻതന്നെ സ്റ്റോപ്പ് സ്വിച്ച് സംവിധാനം പ്രവർത്തനക്ഷമമാക്കാം. ഇതോടെ അക്കൗണ്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന തുടർന്നുള്ള ഡെബിറ്റ് ഇടപാടുകൾ തടയപ്പെടും. എന്നാൽ നേരത്തേ നൽകിയ ആവർത്തന പേയ്‌മെന്റ് നിർദേശങ്ങൾ, സ്റ്റാൻഡിങ് ഇൻസ്ട്രക്ഷനുകൾ, വായ്പകളുടെ ഇഎംഐ, ബാങ്ക് ചാർജുകൾ തുടങ്ങിയവയ്ക്ക് ഈ നിയന്ത്രണം ബാധകമാകില്ല.

ബാങ്കുകളുടെ വീഴ്ചയ്ക്കും വ്യക്തമായ നിർവചനം

ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ സംബന്ധിച്ചും പുതിയ നിർദേശങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ബാങ്കിങ് സംവിധാനങ്ങളിലെ സാങ്കേതിക തകരാറുകൾ, സൈബർ സുരക്ഷാ വീഴ്ചകൾ, ബാങ്ക് ജീവനക്കാരുടെയോ മൂന്നാം കക്ഷികളുടെയോ ഒത്തുകളി എന്നിവ മൂലമുണ്ടാകുന്ന തട്ടിപ്പുകളും ബാങ്കിന്റെ നിരുത്തരവാദപരമായ നടപടികളായി കണക്കാക്കും. അനധികൃത ഇടപാടുകൾക്ക് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വലിയ ഇടപാടുകൾക്ക് വിശ്വസ്ത വ്യക്തിയുടെ അനുമതി

ഉപഭോക്താക്കൾക്ക് അധിക സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ട്രസ്റ്റഡ് പേഴ്‌സൺ മെക്കാനിസം’ എന്ന സംവിധാനവും ആർബിഐ നിർദേശിച്ചിട്ടുണ്ട്. 2026-ലെ ആർബിഐ (കൊമേഴ്‌സ്യൽ ബാങ്ക്‌സ് – റെസ്‌പോൺസിബിൾ ബിസിനസ് കണ്ടക്ട്) അഞ്ചാം ഭേദഗതി ചട്ടങ്ങളുടെ കരടിലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതനുസരിച്ച് ഉപഭോക്താവിന് താൻ നിശ്ചയിക്കുന്ന ഒരു പരിധിക്ക് മുകളിലുള്ള പണമിടപാടുകൾക്ക് അനുമതി നൽകാൻ വിശ്വസ്തനായ ഒരാളെ നാമനിർദേശം ചെയ്യാം. നിശ്ചയിച്ച പരിധി മറികടന്ന് ഇടപാട് നടത്താൻ ശ്രമിക്കുമ്പോൾ പണം കൈമാറുന്ന തുക, ഗുണഭോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ബാങ്ക് ഈ വ്യക്തിക്ക് അറിയിപ്പ് നൽകും.

അറിയിപ്പ് ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ട്രസ്റ്റഡ് പേഴ്‌സൺ ഇടപാടിന് അംഗീകാരം നൽകണം. അനുമതി ലഭിച്ചാൽ മാത്രമേ പണമിടപാട് പൂർത്തിയാകൂ. ഇടപാട് നിരസിക്കുകയോ അനുവദിച്ച സമയത്തിനുള്ളിൽ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ ഇടപാട് സ്വമേധയാ റദ്ദാകും.

അതേസമയം, ട്രസ്റ്റഡ് പേഴ്‌സണെ നിശ്ചയിക്കുന്നത് പൂർണമായും ഉപഭോക്താവിന്റെ താൽപര്യത്തിനനുസരിച്ചായിരിക്കും. ഈ വ്യക്തിക്ക് അക്കൗണ്ടിന്മേൽ യാതൊരു നിയന്ത്രണവുമുണ്ടാകില്ല. ഇടപാടുകളുമായി ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്തവും ഇവർക്കുണ്ടാകില്ല.

യുപിഐ പേയ്‌മെന്റുകൾ, വ്യാപാര സ്ഥാപനങ്ങളിലെ ഇടപാടുകൾ, സ്റ്റാൻഡിങ് ഇൻസ്ട്രക്ഷനുകൾ, എൻഎസിഎച്ച് (NACH) വഴിയുള്ള മുൻകൂട്ടി അംഗീകരിച്ച ആവർത്തന പേയ്‌മെന്റുകൾ എന്നിവയ്ക്ക് ട്രസ്റ്റഡ് പേഴ്‌സൺ സംവിധാനം ബാധകമല്ല.

പുതിയ മാർഗനിർദേശങ്ങൾ 2027 ജൂലൈ ഒന്നുമുതൽ രാജ്യവ്യാപകമായി നടപ്പാക്കാനാണ് ആർബിഐയുടെ തീരുമാനം. ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ നേരത്തേ ഒരുക്കുന്ന ബാങ്കുകൾക്ക് നിശ്ചിത തീയതിക്ക് മുമ്പും പരിഷ്കാരങ്ങൾ നടപ്പാക്കാം. ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിൽ ഉപഭോക്താക്കളുടെ സുരക്ഷയും നിയന്ത്രണാധികാരവും വർധിപ്പിക്കുന്നതാണ് പുതിയ പരിഷ്കാരങ്ങൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.