ആഗോള റിയൽ എസ്റ്റേറ്റ് വിപണിയിൽ ശ്രദ്ധേയ നേട്ടവുമായി അബുദാബി. 2026ലെ ആദ്യ ഒൻപത് മാസങ്ങളിൽ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 171.26 ബില്യൺ ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76.1 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ കണക്കുകൾ പ്രകാരം ഈ കാലയളവിൽ ആകെ 38,483 ഇടപാടുകൾ നടന്നു.
ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും അബുദാബിയുടെ സാമ്പത്തിക സ്ഥിരതയിൽ വിദേശ നിക്ഷേപകർ പുലർത്തുന്ന വിശ്വാസമാണ് വിപണിയുടെ വളർച്ചയ്ക്ക് കരുത്തായത്. വിദേശ വ്യക്തിഗത നിക്ഷേപം ഇരട്ടിയിലധികമായി ഉയർന്ന് 17.22 ബില്യൺ ദിർഹത്തിലെത്തി. ബ്രിട്ടൻ, ചൈന, റഷ്യ, അമേരിക്ക തുടങ്ങിയ 121 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് വിപണിയിൽ പങ്കാളികളായത്.
പ്രോപ്പർട്ടി വിൽപ്പനയിലൂടെ മാത്രം 119.33 ബില്യൺ ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. 29.86 ബില്യൺ ദിർഹത്തിന്റെ ഇടപാടുകളുമായി അൽ റീം ദ്വീപാണ് മേഖലകളിൽ മുന്നിലെത്തിയത്.
റിയൽ എസ്റ്റേറ്റ് വിപണിയിലെ സുതാര്യതയും പരിഷ്കാരങ്ങളും അബുദാബിയുടെ വളർച്ചയ്ക്ക് കൂടുതൽ പിന്തുണയേകി. ജെഎൽഎല്ലിന്റെ ആഗോള റിയൽ എസ്റ്റേറ്റ് സുതാര്യതാ സൂചികയിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അബുദാബി 33-ാം റാങ്കിലെത്തി. ബ്രോക്കർമാർക്കുള്ള നിർബന്ധിത പരിശീലനവും ലൈസൻസിംഗ് പരിഷ്കാരങ്ങളും വിപണിയുടെ വിശ്വാസ്യത വർധിപ്പിച്ചതായാണ് വിലയിരുത്തൽ.
2030ഓടെ എമിറേറ്റിലെ പുതിയ റിയൽ എസ്റ്റേറ്റ് നിർമാണങ്ങളുടെ 77 ശതമാനവും സാദിയാത്ത്, റീം, യാസ് തുടങ്ങിയ പ്രമുഖ ദ്വീപുകളിലായിരിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.


