...
Home News Kerala റെഡ് അലർട്ട്; കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

റെഡ് അലർട്ട്; കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം

219

തിരുവനന്തപുരം: കേരള തീരത്ത് ചൊവ്വാഴ്‌ച (ഒക്ടോബർ15) പുലർച്ചെ 5.30 മുതൽ 16ന് രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി- കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടൽ വേളയിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതു പോലെ തന്നെ അപകടകരമാണ് കരയിലേക്ക് അടുപ്പിക്കുന്നതും. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ ഇവ ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.