...
Home News Kerala റീൽസ് റോഡിൽ വേണ്ട; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

റീൽസ് റോഡിൽ വേണ്ട; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി

374

ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ ആക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.

കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിൻ്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി നാല്‌ ആഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറോട് കമ്മീഷൻ നിർദ്ദേശിച്ചു. ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. ഇത്തരം സംഭവങ്ങൾ മത്സര ഓട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുറമേ മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു.

സാമൂഹിക മാധ്യമങ്ങളിൽ ജനപ്രീതിയുണ്ടാക്കാൻ അപകടകരമായ നിലയിൽ റീലുകൾ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചു വരികയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം ചിത്രീകരണങ്ങൾക്കായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. മത്സര ഓട്ടങ്ങൾക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വടകര സ്വദേശി ആല്‍വിനും സംഘവും വെള്ളയില്‍ സ്റ്റേഷന് മുന്‍വശത്ത് ബീച്ച് റോഡില്‍ എത്തിയത്. ആല്‍വിനെ സ്റ്റേഷന് മുന്നില്‍ ഇറക്കിയ ശേഷം രണ്ടു കാറുകളും മുന്നോട്ടു പോയി തിരിച്ചു വരികയായിരുന്നു. റോഡിൻ്റെ നടുവില്‍ നിന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്ന ആല്‍വിനെ ഒരു കാര്‍ ഇടിച്ചുവീഴ്ത്തി. തെറിച്ചുയര്‍ന്ന് റോഡില്‍ തലയടിച്ചു വീണ ആല്‍വിന് നട്ടെല്ലിനും പരുക്കേറ്റിരുന്നു.

ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ് വ്യക്തമാക്കി. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അതിനാലാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കാർ മാറ്റി പറഞ്ഞതെന്നാണ് വിവരം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.