നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്ത് ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവമായി കേൾക്കണമെന്നും വിദ്യാഭ്യാസ സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സാനിയ രംഗത്തെത്തിയത്.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, നീറ്റ് പോലുള്ള മത്സര പരീക്ഷകൾക്കായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികൾ നേരിടുന്ന അനിശ്ചിതത്വത്തിൽ ആശങ്ക രേഖപ്പെടുത്തിയ സാനിയ, “വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ ഭാവി” എന്ന് വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിലേക്കുള്ള വിദ്യാർത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
“നമ്മുടെ സമൂഹത്തിൽ അക്രമത്തിന് സ്ഥാനമില്ല. യുവാക്കളുടെ ഭാവി സംരക്ഷിക്കാൻ സമാധാനപരമായ പരിഹാരത്തിനായി എല്ലാവരും ഒന്നിക്കണം,” എന്നാണ് സാനിയയുടെ ആഹ്വാനം.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പ്രവർത്തനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.


