...
Home News Kerala ശബരിമല ക്ഷേത്ര ശ്രീകോവില്‍ കവാടം ഉണ്ണികൃഷ്‌ണന്‍ പോറ്റി പ്രദര്‍ശനം ആക്കിയെന്ന് റിപ്പോർട്ട്

ശബരിമല ക്ഷേത്ര ശ്രീകോവില്‍ കവാടം ഉണ്ണികൃഷ്‌ണന്‍ പോറ്റി പ്രദര്‍ശനം ആക്കിയെന്ന് റിപ്പോർട്ട്

പലയിടത്തും വച്ച് പണമീടാക്കുന്ന തരത്തില്‍ ഇതിൻ്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്നതാണ് പുറത്ത് വന്നത്

265

ശബരിമല ക്ഷേത്രത്തിൻ്റെ ശ്രീകോവില്‍ കവാടം സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടുപോയത് ഉണ്ണികൃഷ്‌ണന്‍ പോറ്റി പ്രദര്‍ശന മേളയാക്കി. നടന്‍ ജയറാമിനെയും ഗായകന്‍ വീരമണി രാജുവിനെയും കൊണ്ട് പൂജിച്ച് വിശ്വാസ്യതക്ക് ശ്രമിക്കുകയും ചെയ്‌തു. സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ 2019-ലെ വിഡിയോ പുറത്തു വന്നു. കവാടം പൂജിച്ച് പണം ഈടാക്കുക ആയിരുന്നു ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെ ലക്ഷ്യം എന്നും വിവരം.

സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടു വരുന്നതിനിടയില്‍ പലയിടത്തും വച്ച് പണമീടാക്കുന്ന തരത്തില്‍ ഇതിൻ്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്നതാണ് പുറത്ത് വന്നത്. ആറ് വര്‍ഷം മുമ്പ് ഒരു യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന ദൃശ്യങ്ങളാണിത്.

ചങ്ങനാശേരിയില്‍ അയ്യപ്പൻ്റെ നട തൊട്ട് തൊഴുത് പൂജിക്കാനുള്ള അവസരം തനിക്ക് ഉണ്ടായിരുന്നുവെന്നും അതിനു ശേഷം ശ്രീകോവില്‍ കവാടവും പൂജിക്കാനുള്ള അവസരം ലഭിച്ചുവെന്നും ജയറാം പറയുന്നതായും വീഡിയോയില്‍ കാണുന്നുണ്ട്. ഇത്തരത്തില്‍ പ്രശസ്‌തരായ അയ്യപ്പ ഭക്തരായ ആളുകളെ അണിനിരത്തി കൊണ്ട് ഇത്തരത്തില്‍ പൂജ നടത്തുന്നു. ഇതില്‍ പണപ്പിരിവ് ഉണ്ടെന്നാണ് ഉയരുന്ന പരാതി.

അതേസമയം, സംഭവത്തില്‍ ദേവസ്വം വിജിലന്‍സിൻ്റെ അന്വേഷണം തുടരുന്നു. സ്പോണ്‍സര്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ ശനിയാഴ്‌ച ചോദ്യം ചെയ്യും. വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ അനൗദ്യോഗിക യോഗം വെള്ളിയാഴ്‌ച നടക്കും.

ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരം പുളിമാത്തിലെ വീട്ടിലെത്തിയ ഉണ്ണികൃഷ്‌ണന്‍ പോറ്റി ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍ കുമാറിൻ്റെ മുമ്പില്‍ ഹാജരാകും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹതകളുടെ ചുരുളഴിയും എന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.