ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന അമിത സമ്മർദ്ദങ്ങളും അധികം മണിക്കൂറുകൾ ജോലി ചെയ്യുന്നതിൻ്റെ ദൂഷ്യഫലങ്ങളും സംബന്ധിച്ച വലിയ ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾക്ക് തുടക്കമിട്ടത് പൂനെയിലെ എർണസ്റ്റ് ആൻഡ് യങ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യൻ്റെ മരണമാണ്. അന്നയുടെ നിര്യാണത്തിന് ശേഷം നിരവധി പേരാണ് അവരുടെ ജോലിസ്ഥലങ്ങളിൽ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ തുറന്നുപറയാൻ തുടങ്ങിയത്.
ഇപ്പോൾ, തായ്‌ലാൻഡിൽ ഒരു 30 വയസുകാരിയായ ഫാക്ടറി തൊഴിലാളി അസുഖത്തെ തുടർന്ന് മരണപ്പെട്ട വാർത്തയും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സൂപ്പർവൈസർ സിക്ക് ലീവ് നിഷേധിച്ചതാണ് ഇവരുടെ മരണത്തിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബാങ്കോക്കിന് തെക്കായി സ്ഥിതിചെയ്യുന്ന സമുത് പ്രകാൻ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഡെൽറ്റ ഇലക്ട്രോണിക്സ് തായ്‌ലൻഡിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്‌തിരുന്ന യുവതി ‘മേയ്’ എന്നാണ് അറിയപ്പെടുന്നത്.
വൻകുടൽ വീക്കത്തിന് ചികിത്സയിലായിരുന്ന മേയ്, സെപ്റ്റംബർ 5 മുതൽ 9 വരെ മെഡിക്കൽ ലീവ് എടുത്തിരുന്നു. നാല് ദിവസവും ആശുപത്രിയിൽ കിടന്നതോടെ, രണ്ട് ദിവസം കൂടി വിശ്രമത്തിനായി വീട്ടിൽ തുടരണമെന്ന് ഡോക്ടർ നിർദേശിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 12 വരെ അവധിക്ക് അപേക്ഷിച്ചതായിരുന്നുവെങ്കിലും സൂപ്പർവൈസർ ആ അഭ്യർത്ഥന നിരസിക്കുകയായിരുന്നു.
ആരോഗ്യം മോശമായിരുന്നിട്ടും മേയ് ജോലിക്ക് വരേണ്ടി വന്നു. ജോലിസ്ഥലത്തെത്തിയ ശേഷം 20 മിനിറ്റിനുള്ളിൽ തന്നെ അവർ തളർന്നു വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഡെൽറ്റ ഇലക്‌ട്രോണിക്‌സ് തായ്‌ലൻഡ് പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരിയെ നഷ്‌ടപ്പെട്ടതിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു കമ്പനിയുടെ പ്രതികരണം. “ഡെൽറ്റ ഇലക്ട്രോണിക്‌സിൻ്റെ വിജയത്തിൻ്റെ അടിത്തറ തങ്ങളുടെ ജോലിക്കാരാണ്. ഈ നഷ്ട്ടം ഞങ്ങളെ തകർക്കും വിധത്തിലുള്ളതാണ്.
ഈ ശ്രമകരമായ സമയത്ത് ജീവനക്കാരിയുടെ കുടുംബത്തിന് അചഞ്ചലമായ പിന്തുണ നൽകുക എന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. ഡെൽറ്റ ഇലക്‌ട്രോണിക്‌സ് സുതാര്യതയുടേയും ഉത്തരവാദിത്തത്തിൻ്റെയും കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ എല്ലാവരേയും അറിയിക്കും“ എന്നാണ് സിഇഒ വിക്ടർ ചെങ് പ്രതികരിച്ചത്.



