| ശ്രീകാന്ത് പികെ
നികേഷ് കുമാർ, അരുൺ കുമാർ എന്നിവരെ മാറ്റി നിർത്തിയാൽ വിവിധ ചാനലുകളിൽ ശരാശരിയോ അതിൽ താഴെയോ പ്രകടനം നടത്തിയ വാർത്താ അവതാരകരാണ് പുതിയ റിപ്പോർട്ടർ ചാനലിന്റെ എഡിറ്റോറിയൽ പൊസിഷനിലേക്ക് നേരിട്ടെത്തിയത്. ആദ്യ രണ്ടു പേരുകാർ മാദ്ധ്യമ പ്രവർത്തകർ എന്ന നിലയിൽ എക്സലന്റ് ആണെന്നല്ല, മറിച്ച് വർത്തമാന കാല മാദ്ധ്യമ സംസ്കാരത്തിൽ സ്വയം പ്രകാശിപ്പിക്കുന്ന ഒരു ബ്രാന്റായി മാറാൻ സാധിച്ച രണ്ടു പേരുകളാണ് ആദ്യത്തേത്. മറ്റൊരാൾ ഉണ്ണി ബാലകൃഷ്ണനാണ്,
പല വാലിഡായ വിമർശനങ്ങൾ സാധ്യമാണെങ്കിലും അദ്ദേഹം ഒരു റിപ്പോട്ടർ എന്ന നിലയിൽ തന്റെ പേര് അടയാളപ്പെടുത്തിയ ഒരു മാദ്ധ്യമ പ്രവർത്തകൻ തന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസ് ഒരു ക്വട്ടേഷൻ സംഘമായി രൂപാന്തരം പ്രാപിക്കുന്നതിന് മുന്നേയുള്ള കാലത്ത് ആ സ്ഥാപനത്തിൽ അനേക കാലം പണിയെടുത്ത ഒരാൾ കൂടിയാണെന്ന പ്രവർത്തി പരിചയം കൂടി അദ്ദേഹത്തിനുണ്ട്. മറ്റു രണ്ടു വനിതകൾ, സുജയ പാർവ്വതിയും സ്മൃതി പരുത്തിക്കാടും ; റിപ്പോർട്ടർ ടി.വിയിലേക്കുള്ള മാറ്റം അവരുടെ കരിയറിൽ ഒരു ലോട്ടറി ആണെന്ന് തന്നെ പറയാവുന്നതാണ്.
24 ന്യൂസിൽ ഒരു ശരാശരി വാർത്താ അവതാരകയായി നിന്നിരുന്ന സുജയ പാർവ്വതിക്ക് ആ സ്ഥാപനത്തിലുണ്ടായ വിവാദങ്ങളും തുടന്ന് അവരുടെ പരസ്യമാക്കിയ സംഘപരിവാർ പക്ഷപാദിത്വവും സസ്പെൻഷനുമൊക്കെ ശേഷമുള്ള വിവാദങ്ങൾക്ക് ശേഷമാണ് റിപ്പോർട്ടർ ടി.വി നേരിട്ട് എഡിറ്ററായി അവരെ വരവേൽക്കുന്നത്. അവർക്ക് സംഘികൾക്കിടയിലെ സ്വീകാര്യത ടാപ്പ് ചെയ്യുക എന്നത് തന്നെ ഉദ്ദേശം. കൊള്ളാവുന്ന ഒരു സ്ഥാപനത്തിൽ ഗൗരവകരമായ ഒരു ചർച്ചയിലും പരിപാടിയും ഒരു എഡിറ്റർ അടുപ്പിക്കാത്ത ഒരാൾ, അവരിന്ന് റിപ്പോർട്ടർ ചാനലിന്റെ എഡിറ്റോറിയൽ നയം തീരുമാനിക്കുന്നു.
ഒരു വാർത്താ അവതാരക എന്ന നിലയിൽ രണ്ടാം നിരയിൽ ഇരിപ്പുറപ്പിച്ചു ഒരാളായിരുന്നു സ്‌മൃതി പരുത്തിക്കാടും, ഗൗരവകരമായ ഒരു ഉദ്യമത്തിലും ഇന്റലക്സ്ച്വൽ എബിലിറ്റി കൊണ്ടോ, പ്രസന്റേഷൻ സ്‌കിൽ കൊണ്ടോ അവർ കഴിവ് തെളിയിച്ചിട്ടില്ല. മീഡിയ വണ്ണിൽ നിന്നും എഡിറ്ററായി റിപ്പോർട്ടർ ടി.വിയിലേക്കുള്ള അവരുടെ മാറ്റവും ഇത് പോലൊരു ലോട്ടറിയാണ്. റിപ്പോർട്ടർ ടി.വി തങ്ങളുടെ എഡിറ്റർമാർക്ക്, വിശിഷ്യാ വനിതാ എഡിറ്റർമാർക്ക് നൽകുന്ന ഗ്രൂമിങ് ആണോ എന്നറിയില്ല, ഇനി അർഹതയില്ലാത്ത സ്ഥാനത്ത് വന്നു പെട്ടപ്പോൾ കൈവന്ന അഹന്ത ആണോ എന്നറിയില്ല, തങ്ങളുടെ വിഷയത്തിന്മേലുള്ള അറിവും ബോധമില്ലായ്മയും മറച്ചു വെക്കാൻ മുഖത്ത് മുഴുവൻ സമയവും പുച്ഛവും ധാർഷ്ട്യവും നിറച്ചു വെക്കുകയും, അതിഥികളായി പങ്കെടുക്കുന്നവരെ പരിഹസിക്കുകയും ചെയ്യുക എന്നല്ലാതെ മറ്റൊന്നും ഇവരുടെ ചർച്ചകളിൽ കാണാനില്ല.
ഇന്നലെ എസ്.എഫ്.ഐ – ഗവർണ്ണർ വിഷയവുമായി ബന്ധപ്പെട്ട ചർച്ച നയിച്ച സ്‌മൃതി പരുത്തിക്കാട് ചർച്ചയിൽ എസ്.എഫ്.ഐ പ്രതിനിധിയായി പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സംസാരിച്ച രീതി മാത്രം മതി, അവരെത്രമാത്രം ഇൻകേപ്പബിൾ ആണെന്ന് മനസിലാക്കാൻ. തന്റെ ഊഴം ലഭിക്കുന്നത് വരെ ബാക്കിയുള്ള മൂന്ന് ആണുങ്ങൾ പറയുന്നത് മുഴുവൻ കേട്ട് കൊണ്ടിരുന്ന അനുശ്രീ സംസാരിക്കാൻ തുടങ്ങിയ മുതൽ ആങ്കറും മറ്റു സംഘടനാ പ്രതിനിധികളും ഇടപെടാൻ തുടങ്ങി. ഞാൻ മറ്റാരും സംസാരിക്കുമ്പോഴും ഇടപെടാതെ കേട്ട് കൊണ്ടിരുന്നു എന്റെ സമയം ആരും ഇടപെടാതെ എനിക്ക് തരണമെന്ന് ആവശ്യപ്പെട്ട അനുശ്രീയോട് ആങ്കർ സ്മൃതി പരുത്തിക്കാട് പറഞ്ഞത് ‘ചർച്ചയാകുമ്പോൾ അങ്ങനെ ഇടപെടലൊക്കെയുണ്ടാകും, ഇത് പാർടി വേദിയിലെ പ്രസംഗമല്ലെന്ന്’. മറ്റേ മീമിലെ അമ്മാവൻ പറയുന്നത് പോലെ , എങ്ങനെയിരിക്കണ് .
ഒരു സംവാദത്തിൽ പാലിക്കേണ്ട മിനിമം മര്യാദ എന്നത് പ്രതിപക്ഷ ബഹുമാനമാണ്. അപ്പുറത്ത് ഇരിക്കുന്നയാൾ എന്ത് മണ്ടത്തരം പറയുകയാണെങ്കിലും അയാളുടെ സമയത്ത് അത് പറയാനുള്ള അവകാശം അയാൾക്ക് കൊടുക്കണം, മറ്റവർക്ക് അവരുടെ സമയത്ത് അതിനുള്ള മറുപടി പറയാം. ഈ അവകാശം നൽകലും അത് എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലും, ആ ചർച്ചയുടെ ദിശയും മോഡറേറ്റ് ചെയ്യുക എന്നതും മാത്രമാണ് ഒരു അവതാരകയുടെ അല്ലെങ്കിൽ അവതാരകന്റെ ജോലി. ഡിഗ്രി പഠന സമയത്ത് ക്ലാസ് റൂമിലെ ഒരു ഗ്രൂപ് ഡിസ്കഷനിൽ പങ്കെടുത്ത, അല്ലെങ്കിൽ ജോലി സംബന്ധമായി ഒരു ശരാശരി കമ്പനിയുടെ ജി.ഡി റൌണ്ട് കഴിഞ്ഞ ആർക്കും ഉണ്ടാകുന്ന ബേസിക് ധാരണയാണിത്.
എന്നാൽ ഇവിടെ ആ മോഡറേറ്റർ തന്നെ പറയുന്നത് സംവാദത്തിൽ ആർക്കും കേറി ഇടപെടാം, അങ്ങനെ വിശേഷിച്ചു നിയമങ്ങളൊന്നുമില്ലെന്നാണ്! കൊള്ളാവുന്ന ഒരു കോർപ്പറേറ്റ് കമ്പനി ആണെങ്കിൽ പിറ്റേ ദിവസം തന്നെ നോട്ടീസ് കൊടുത്ത് പറഞ്ഞു വിടും, അല്ലെങ്കിൽ പിന്നെ അവരെ ആ പണി ഏൽപ്പിക്കില്ല. ഈ ജോലിക്ക് പിന്നെ സ്‌കിൽസ്, എത്തിക്സ്, അപ്രൈസൽ എന്നിവയൊന്നും ബാധകമല്ലാത്ത കൊണ്ട് അങ്ങയൊരു പ്രയാസമുധിക്കുന്നില്ല.
വീട്ടുകാരോട് കാഷ്വലായി സംസാരിക്കുന്ന രീതിയിൽ ‘ഞാൻ ചോദിച്ച എന്തെങ്കിലും ഒന്നിന് മറുപടി പറയുമോ ‘ .. എന്നൊക്കെയുള്ള തികഞ്ഞ പരിഹാസ സ്വരത്തിലാണ് സ്മൃതി അനുശ്രീയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. ഏതാണ് ആ ചോദ്യം ? എസ്.എഫ്.ഐ പ്രതിനിധിയോട് പോലീസ് ഇടപെടലുകളുടെ കുറിച്ചുള്ള ചോദ്യം , ഡി.വൈ.എഫ്.ഐയെ കുറിച്ചുള്ള ചോദ്യം എന്നിവയൊക്കെ.. ഞാനിവിടെ എസ്.എഫ്.ഐ പ്രതിനിധിയായാണ് വന്നതെന്നും , ഇതൊന്നും പറയേണ്ട ബാധ്യത എനിക്കില്ലെന്നും പറഞ്ഞ അനുശ്രീയെ നോക്കി സഹ പാനലിസ്റ്റുകളുടെ കൂടെ കൂടി പരിഹാസം നിറഞ്ഞ ചിരിയും. കാണുമ്പോൾ അവരോട് സഹതാപം തോന്നിപ്പോകും.. മൂന്ന് ആണുങ്ങൾ പറയുന്നത് അല്ലലുകൾ ഇല്ലാതെ കേട്ടിരുന്നു അവരെ പറയാൻ അനുവദിച്ച് ഒരേയൊരു പെൺകുട്ടിയായ പ്രതിനിധി വാ തുറന്നപ്പോൾ ഉടനീളം ഇടപെടൽ നടത്തി പുച്ഛിക്കുന്ന തികഞ്ഞ സ്ത്രീ വിരുദ്ധത അപ്പുറം സ്ത്രീയാണ് നടത്തുന്നത് എന്നത് കൊണ്ട് ഇല്ലാതാകില്ല.
സത്യത്തിൽ ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ ഹൈ കോടതി സ്റ്റേയുടെ കൂടി പശ്ചാത്തലത്തിൽ എസ്.എഫ്.ഐക്ക് പൂർണ്ണമായ അപ്പർ ഹാന്റുള്ള സമയത്താണ് ഈ രീതിയിൽ വിളിച്ചു വരുത്തിയ അതിഥിയെ ട്രീറ്റ് ചെയ്യുന്നത് എന്നാലോചിക്കണം. നിന്റെയൊന്നും ചാനൽ സ്റ്റുഡിയോക്ക് പുറത്ത് ചർച്ചയിൽ പങ്കെടുക്കാൻ അപേക്ഷിച്ച് കാത്ത് നിൽക്കുന്നവരല്ല ഞങ്ങളെന്നും, ഇങ്ങോട് വിളിച്ച് ‘അതിഥിയായി ‘ പങ്കെടുക്കാൻ അഭ്യർത്ഥിച്ചതിന്റെ പേരിൽ എന്റെ സംഘടനയുടെ അഭിപ്രായം പറയാനാണ് ഞാനിവിടെ ഇരിക്കുനന്നതെന്നും, പുച്ഛവും പരിഹാസവും വീട്ടിൽ വച്ചാൽ മതിയെന്നും സാധാരണ നിലയിൽ പറയേണ്ടതാണ്. പക്ഷെ സഖാവ് അനുശ്രീ അവിടെ പോലും അസാമാന്യമായ സൗമ്യതയും ബഹുമാനവും പുലർത്തി. ഏതെങ്കിലും ഈ സർവ്വ ജ്ഞാനികളായ മാദ്ധ്യമ പുംങ്കവരന്മാർ കണ്ടു മനസിലാക്കിയാൽ തന്നെ ജാള്യത തോന്നേണ്ടതാണ്.
എഴുതി കൊടുക്കുന്ന വാർത്ത അക്ഷര തെറ്റില്ലാതെ വായിക്കാൻ അറിയാവുന്നവരും, വർത്തമാന കാല കോർപ്പറേറ്റ് മാദ്ധ്യമ സംസ്കാരത്തിൽ പ്രസന്റബിൾ ആയ മുഖവുമാണ് ഭൂരിപക്ഷം വാർത്താ അവതാരകരേയും ‘ മാദ്ധ്യമ പ്രവർത്തകർ’ എന്ന വിശേഷണം ചാർത്തിക്കൊടുക്കുന്നത്. കൊള്ളാവുന്ന ഒരു റിപ്പോർട്ട് പോലും തയ്യാറാക്കാൻ അറിയില്ലെങ്കിലും ഈ ഗണത്തിൽ പേരെടുത്താൽ പിന്നെ അങ്ങോട്ട് ആർക്കും ക്ളാസെടുക്കാവുന്ന മാദ്ധ്യമ പ്രവർത്തകരായി മാറാം. ജേർണലിസം എന്നാൽ വാർത്ത നോക്കി വായിക്കലല്ല, അത് വേറെ പണിയാണെന്ന് അവരോട് പറഞ്ഞു കൊടുക്കാൻ ഫാൻസ് അസോസിയേഷൻകാർ ഒട്ട് സമ്മതിക്കുകയുമില്ല, അങ്ങനെ വല്ലതും പറഞ്ഞു പോയാൽ സൈബർ ആക്രമണവുമാകും.



