...
Home News രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണങ്ങളെപ്പോലും അതിജീവിച്ച റെസ്റ്റോറന്റ്; ‘വീരസ്വാമി’ക്ക് ചാൾസ് രാജാവ് രക്ഷകനാകുമോ?

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണങ്ങളെപ്പോലും അതിജീവിച്ച റെസ്റ്റോറന്റ്; ‘വീരസ്വാമി’ക്ക് ചാൾസ് രാജാവ് രക്ഷകനാകുമോ?

2016ൽ മിഷ്ലിൻ സ്റ്റാർ പദവി ലഭിച്ച ഈ സ്ഥാപനം, എലിസബത്ത് രാജ്ഞിയുടെ കാലത്ത് 2009ലും 2017ലും രണ്ടുതവണ കൊട്ടാരത്തിൽ വിരുന്നൊരുക്കിയിട്ടുമുണ്ട്.

234

ലണ്ടനിലെ റീജന്റ് സ്ട്രീറ്റിൽ ഒരു നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ബ്രിട്ടനിലെ ഏറ്റവും പഴയ ഇന്ത്യൻ റെസ്റ്റോറന്റായ ‘വീരസ്വാമി’ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. റെസ്റ്റോറന്റിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ ഒപ്പിട്ട നിവേദനം ചാൾസ് രാജാവിന് സമർപ്പിക്കാനായി ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടി. തങ്ങളുടെ തറവാട് പോലെ പവിത്രമായ ഈ സ്ഥാപനത്തെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ഭൂവുടമകളായ ‘ക്രൗൺ എസ്റ്റേറ്റിനെ’ പിന്തിരിപ്പിക്കാൻ രാജാവ് ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

1926ൽ വിക്ടറി ഹൗസിൽ പ്രവർത്തനം ആരംഭിച്ച വീരസ്വാമിക്ക് കേവലം ഒരു ഭക്ഷണശാല എന്നതിലുപരി വലിയ ചരിത്ര പ്രാധാന്യമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണങ്ങളെപ്പോലും അതിജീവിച്ച ഈ റെസ്റ്റോറന്റ്, ഇന്തോ-ബ്രിട്ടീഷ് സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. 2016ൽ മിഷ്ലിൻ സ്റ്റാർ പദവി ലഭിച്ച ഈ സ്ഥാപനം, എലിസബത്ത് രാജ്ഞിയുടെ കാലത്ത് 2009ലും 2017ലും രണ്ടുതവണ കൊട്ടാരത്തിൽ വിരുന്നൊരുക്കിയിട്ടുമുണ്ട്. തങ്ങളെ ഒഴിപ്പിക്കാനുള്ള തീരുമാനം നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തെ കുപ്പത്തൊട്ടിയിലേക്ക് എറിയുന്നതിന് തുല്യമാണെന്ന് ഉടമയായ രഞ്ജിത് മത്താനി പരിതപിച്ചു.

റെസ്റ്റോറന്റ് നിലകൊള്ളുന്ന കെട്ടിടം ആധുനികവൽക്കരിക്കാനുള്ള ക്രൗൺ എസ്റ്റേറ്റിന്റെ തീരുമാനമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. കെട്ടിടം പുതുക്കിപ്പണിയുന്നതോടെ റെസ്റ്റോറന്റിലേക്കുള്ള ഇപ്പോഴത്തെ പ്രവേശന കവാടം ഇല്ലാതാകുമെന്നും ഇത് റെസ്റ്റോറന്റിനെ അപ്രാപ്യമാക്കുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കെട്ടിടത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും പൂർണ്ണമായ ഉപയോഗത്തിൽ എത്തിക്കുന്നതിനും ഈ പുനരുദ്ധാരണം അനിവാര്യമാണെന്നാണ് ക്രൗൺ എസ്റ്റേറ്റിന്റെ വാദം.

ഈ ചരിത്ര സ്ഥാപനത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തയ്യാറാക്കിയ നിവേദനത്തിൽ പ്രശസ്ത ഷെഫുമാരായ റെയ്മണ്ട് ബ്ലാങ്ക്, മൈക്കൽ റൂക്സ് എന്നിവരടക്കം 20,000-ത്തിലധികം ആളുകൾ ഇതിനോടകം ഒപ്പിട്ടിട്ടുണ്ട്. 25 വർഷമായി ഇവിടുത്തെ സ്ഥിരം സന്ദർശകനായ സിനാൻ അർതാർ ഈ സ്ഥാപനത്തെ ഒരു ‘അമൂല്യമായ വിദ്യാലയം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരമൊരു പൈതൃക സ്ഥാപനം ഒരു ഓഫീസായി മാറ്റാനുള്ള നീക്കം പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു.

നിലവിൽ, സ്വതന്ത്രമായ രീതിയിൽ പ്രവർത്തിക്കുന്ന ക്രൗൺ എസ്റ്റേറ്റിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാട്. പുതിയ സ്ഥലം കണ്ടെത്തുന്നതിനും സാമ്പത്തിക നഷ്ടപരിഹാരത്തിനും റെസ്റ്റോറന്റ് ഉടമകൾക്ക് സഹായം നൽകാമെന്ന് ക്രൗൺ എസ്റ്റേറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും, ലാഭത്തേക്കാൾ ഉപരിയായി ചരിത്രപരമായ പൈതൃകവും ഉപഭോക്താക്കളുടെ വിശ്വാസവും സംരക്ഷിക്കാനാണ് അധികൃതർ മുൻഗണന നൽകേണ്ടതെന്ന് റെസ്റ്റോറന്റ് ഉടമകളും ജീവനക്കാരും ഒരേസ്വരത്തിൽ പറയുന്നു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.