...
Home News രേവന്ത് റെഡ്ഢി; നിങ്ങളുടെ പണക്കൊഴുപ്പിന്റെ രാഷ്ട്രീയം കൊണ്ട് കേരളത്തെ ഒരു കാലത്തും അളക്കരുത്

രേവന്ത് റെഡ്ഢി; നിങ്ങളുടെ പണക്കൊഴുപ്പിന്റെ രാഷ്ട്രീയം കൊണ്ട് കേരളത്തെ ഒരു കാലത്തും അളക്കരുത്

പിണറായി വിജയൻ എന്ന കഴിഞ്ഞ കാൽനൂറ്റാണ്ടായി കേരളത്തിന്റെ സി.പി.ഐ.എമ്മിന്റെ സുവർണകാലത്ത് പാർട്ടിയെ നയിക്കുന്ന ആളുടെ എക്‌സപെയറി ഡേറ്റ് അളക്കുന്ന രേവന്ത് റെഡ്ഡിക്ക് മനസിലാകാത്ത ധാരാളം കാര്യങ്ങളുണ്ട്.

220

| ശ്രീജിത്ത് ദിവാകരൻ

2011-ൽ, അവിഭക്ത ആന്ധ്രപ്രദേശിൽ തന്റെ മാതൃസംഘടനയായ ആർ.എസ്.എസിന് വലിയ ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞ് ടി.ഡി.പിയിൽ ചേക്കേറി എം.എൽ.എയായി രേവന്ത് റെഡ്ഡി കഴിയുന്ന കാലത്ത് കേരളത്തിൽ ഒരു നിയമസഭ തിരഞ്ഞെടുപ്പ് നടന്നിരുന്നു. അക്കാലത്ത് ഇന്ത്യ മഹാരാജ്യം ഭരിച്ചിരുന്നത് യു.പി.എ രണ്ടാം സർക്കാരാണ്. യു.പി.എ സഖ്യത്തെ പിന്തുണയ്ക്കുന്നവരിൽ ഡി.എം.കെയും ഉണ്ടായിരുന്നു. തമിഴ് നാട്ടിലും കേരളത്തിലും ഇക്കാലത്തേ് പോലെ അന്നും ഒരുമിച്ചാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.

അന്നും ഇന്നത്തെ പോലെ ഒരു റെലക്ടന്റ് പൊളിറ്റീഷ്യനാണ് മിസ്റ്റർ രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ അമ്മ പ്രസിഡന്റായ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ് രാഹുൽ. വീൽചെയറിൽ ഇരുന്നും അതിഗംഭീരമായി ഡി.എം.കെയുടെ പ്രചരണം നയിക്കുന്ന സാക്ഷാൽ കലൈജ്ഞർ കരുണാനിധിയുടെ കൂടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.

രാഷ്ട്രീയത്തിന്റേയോ സഖ്യത്തിന്റേയോ യുക്തികളൊന്നും അറിയില്ലാത്ത അദ്ദേഹത്തോട്, ഏതോ വിവരം കെട്ട കോൺഗ്രസ് നേതാവ് വയോവൃദ്ധനായ വി.എസ് അച്യുതാനന്ദനാണ് സി.പി.ഐ.എമ്മിന്റെ തിരഞ്ഞെടുപ്പ് നയിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചു. അതോടെ അദ്ദേഹം ഒരു യുക്തിയുമില്ലാതെ വി.എസിന്റെ പ്രായത്തെ കുറിച്ച് എന്തോ ചീപ് സംസാരം നടത്തി. (രേവന്ത് റെഡ്ഡിക്ക് ഇതൊന്നും അറിയില്ലായിരിക്കും, അദ്ദേഹം അന്ന് ടി.ഡി.പിയുടെ എം.എൽ.എയായിരുന്ന് അടുത്ത നീക്കമെന്ത് എന്ന് ആലോചിരിക്കുകയായിരുന്നു. ) പക്ഷേ രാഹുൽ ഗാന്ധി നിന്നെരിഞ്ഞു. വി.എസ് തന്റെ പ്രായത്തേയോ രാഷ്ട്രീയാനുഭവത്തോയോ മാർക്കിടാൻ ‘അമുൽബേബി’കൾക്ക് ആവില്ല എന്ന് പ്രഖ്യാപിച്ചു. ‘കൊടിയ ദുഷ്പ്രഭുത്വത്തിന് മുന്നിൽ തലകുനിക്കാത്തതെൻ യൗവനം’ എന്ന് റ്റി.എസ് തിരുമുമ്പിന്റെ കവിത ഉദ്ധരിച്ചു. അത് കേരളം ആഘോഷമായി ഏറ്റെടുത്തു. അക്കാര്യമൊന്നും രേവന്ത് റെഡ്ഡിക്ക് അറിയാൻ ഒരു വഴിയുമില്ല.

അദ്ദേഹത്തിന് വി.എസിനെ പോലും അറിയാൻ വഴിയില്ല. കച്ചവടവും കുതികാൽ വെട്ടുമൊന്നുമായിരുന്നില്ലല്ലോ വി.എസിന്റെ രാഷ്ട്രീയം. പക്ഷേ ഇന്നത്തെ അയാളുടെ നേതാവ് ദേശീയ തലത്തിൽ നിന്നുരുകി.

പിണറായി വിജയൻ എന്ന കഴിഞ്ഞ കാൽനൂറ്റാണ്ടായി കേരളത്തിന്റെ സി.പി.ഐ.എമ്മിന്റെ സുവർണകാലത്ത് പാർട്ടിയെ നയിക്കുന്ന ആളുടെ എക്‌സപെയറി ഡേറ്റ് അളക്കുന്ന രേവന്ത് റെഡ്ഡിക്ക് മനസിലാകാത്ത ധാരാളം കാര്യങ്ങളുണ്ട്. അതിലൊന്ന് ഈ ചരിത്രമാണ്. വളരുന്ന പ്രായത്തിൽ മനസിൽ രൂപപ്പെട്ട ഒരു രാഷ്ട്രീയത്തിന് വേണ്ടി തന്റെ ജീവിതകാലം മുഴുവൻ ലാഭനഷ്ടങ്ങൾ നോക്കാതെ അടിയുറച്ച് നിന്ന് പരാജയങ്ങളും ജയങ്ങളും ഒരുപോലെ സ്വീകരിച്ച് വളർന്ന് ഒരു രാഷ്ട്രീയ നേതാവിനെ, എബിവിപി-ടി.ഡി.പി-ടി.ആർ.എസ് തുടങ്ങി പല ഭാഗ്യപരീക്ഷണങ്ങൾ കഴിഞ്ഞ് കോൺഗ്രസിലെത്തി നാളെ ബി.ജെ.പിയിലേയ്ക്ക് പോകാൻ കാത്ത് നിൽക്കുന്ന രേവന്ത് റെഡ്ഡിക്ക് മനസിലാകില്ല; സ്വഭാവികം.

രേവന്ത് റെഡ്ഡിക്ക് മനസിലാക്കുന്നത് രാജു പി.നായരുടേയും ജിന്റോ ജോണിന്റേയും നുണകളുടെ ഭാഷയാണ്; അവരുടെ ആശാൻ്റെയും. വിദ്വേഷവും നുണയും വ്യാജവും അതിൽ കലർന്നിട്ടുണ്ട്. ഒരു രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എം.എൽ.എമാരുമായി റിസോർട്ടിലേയ്ക്ക് പായുക എന്നതാണ് നിങ്ങളുടെ രാഷ്ട്രീയ വ്യക്തത. നമ്മളീ പറഞ്ഞ 2011-ൽ അവിഭക്ത ആന്ധ്രപ്രദേശിൽ 42 ലോകസഭ സീറ്റിൽ 33-ഉം കോൺഗ്രസായിരുന്നു വിജയിച്ചത്. അതിൽ പലരും കേന്ദ്ര മന്ത്രിമാരായി. ഇന്നവരെ തിരഞ്ഞുപോയാൽ അവരിൽ ഭൂരി പക്ഷവും ബി.ജെ.പി പാളയത്തിൽ മനുഷ്യവിരുദ്ധമായ നിലപാടുകളുമായി കുടി കിടക്കുന്നത് കാണാം.

ഇതെല്ലാം അറിയുന്നവരായത് കൊണ്ടാണ് കേരളത്തെ മെച്ചപ്പെട്ട ഒരിടമായി ലോകം കണക്കാക്കുന്നത്. നിങ്ങളുടെ പണം കൊണ്ട് കേരളത്തെ അളക്കരുത്. നിങ്ങളുടെ പണക്കൊഴുപ്പിന്റെ രാഷ്ട്രീയം കൊണ്ട് കേരളത്തെ ഒരു കാലത്തും അളക്കരുത്. എക്‌പെയറി ഡേറ്റ് കഴിഞ്ഞ ഒരു രാഷ്ട്രീയ സംവിധാനത്തെ കേരളം സംരക്ഷിക്കുന്നുണ്ട്- സംഘപരിവാറിന്റെ അജണ്ടകളെ ചെറുക്കാൻ ആ സംവിധാനത്തേയും കേരളം ഉപയോഗിക്കും. അതിന്റെ പേര് നിങ്ങൾക്കറിയാമായിരിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.