ന്യൂഡൽഹി: വോട്ടർ രജിസ്ട്രേഷൻ ഫോമുകളിലെ മാറ്റങ്ങൾ, ഡാറ്റാബേസ് ആക്‌സസ്, ഐടി സംവിധാനങ്ങളുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉയർത്തിയ ആശങ്കകളിൽ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI). മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും, കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ നടത്തിയ ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.
കഴിഞ്ഞ 10 മാസത്തിനിടയിൽ കമ്മീഷണർമാരായ സന്ധുവും ജോഷിയും വിവിധ ഉത്തരവുകളിലായി കുറഞ്ഞത് 14 തവണയെങ്കിലും എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നു. തങ്ങളുടെ അറിവില്ലാതെയാണ് പല തീരുമാനങ്ങളും പുറത്തുവന്നതെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഭാഗത്തുനിന്നും വിശദമായ പ്രതികരണങ്ങളും നടപടികളും ഉണ്ടായിരിക്കുന്നത്.
പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണങ്ങളും:
1. ഫോം 6-ലെ മാറ്റങ്ങൾ
- എതിർപ്പ്: നിയമങ്ങളിൽ ഭേദഗതി വരുത്താതെ പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധമാണെന്ന് ജോഷിയും സന്ധുവും വ്യക്തമാക്കി. ECINET പ്ലാറ്റ്‌ഫോമിൽ എസ്‌ഐആർ (SIR) പ്രഖ്യാപനം ഉൾപ്പെടുത്തിയതിനെയും ഇവർ എതിർത്തു.
- ഇസിയുടെ പ്രതികരണം: എസ്‌ഐആർ നടപടികൾക്ക് മാത്രമുള്ളതാണ് ഈ പ്രഖ്യാപനം എന്നും, ഇത് സുപ്രീം കോടതി ശരിവച്ചതാണെന്നും കമ്മീഷൻ വ്യക്തമാക്കി. മറ്റ് സന്ദർഭങ്ങളിൽ 1960-ലെ നിയമപ്രകാരമുള്ള പതിവ് ഫോമുകൾ തന്നെയായിരിക്കും ഉപയോഗിക്കുക.
2. വോട്ടർ പട്ടിക ഡാറ്റാബേസിലേക്കുള്ള പ്രവേശനം
- എതിർപ്പ്: ഡാറ്റാബേസിന്റെ കേന്ദ്രീകരണത്തിലും സംസ്ഥാന ഉദ്യോഗസ്ഥരുടെ പ്രവേശനത്തിലുള്ള നിയന്ത്രണങ്ങളിലും സന്ധുവും ജോഷിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
- ഇസിയുടെ പ്രതികരണം: ഫീൽഡ് ഓഫീസർമാർക്ക് നിയമപരമായ അധികാരത്തിനനുസൃതമായ പ്രവേശനം നൽകിയിട്ടുണ്ടെന്ന് ഇസി വ്യക്തമാക്കി. ECINET ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഐഐടി/ഐഐഐടി വിദഗ്ദ്ധരടങ്ങുന്ന സ്വതന്ത്ര സമിതിയെ നിയോഗിക്കും.
3. ഗോവയിലെ 97 വോട്ടർമാരുടെ വിഷയം
- എതിർപ്പ്: സുപ്രീം കോടതി ഉത്തരവ് പ്രകാരം അർഹത നേടിയിട്ടും സോഫ്റ്റ്‌വെയറിലെ പോരായ്മ കാരണം ഗോവയിലെ 97 വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
- ഇസിയുടെ പ്രതികരണം: ഈ വോട്ടർമാരെ നേരിൽ കണ്ട് ഫോമുകൾ ശേഖരിക്കാൻ ബിഎൽഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനകം 81 പേർ ഫോം 6 പൂരിപ്പിച്ച് നൽകി കഴിഞ്ഞു.
4. അംഗീകാരമില്ലാത്ത ആശയ വിനിമയങ്ങൾ
- എതിർപ്പ്: കമ്മീഷന്റെ പൂർണ്ണ അംഗീകാരമില്ലാതെ ഔദ്യോഗിക ആശയവിനിമയങ്ങൾ പുറത്തിറക്കുന്നതിനെതിരെ സന്ധുവും ജോഷിയും രംഗത്തെത്തി.
- ഇസിയുടെ പ്രതികരണം: എല്ലാ മീറ്റിങ് അജണ്ടകളും മിനിറ്റ്സും മുൻകൂട്ടി നൽകുമെന്നും, കമ്മീഷണർമാരുടെ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ കർശനമായി പാലിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
5. ഐടി വിഭാഗത്തിന്റെ മേൽനോട്ടം
- എതിർപ്പ്: തങ്ങളുടെ അറിവില്ലാതെ ഐടി വിഭാഗത്തിലെ ജോലി വിതരണത്തിൽ മാറ്റം വരുത്തിയതായി ചൂണ്ടിക്കാട്ടി കമ്മീഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
- ഇസിയുടെ പ്രതികരണം: തർക്കത്തിലിരുന്ന പുനർവിതരണ ഉത്തരവുകൾ നടപ്പിലാക്കിയിട്ടില്ലെന്നും ഐടി ഡിവിഷന്റെ മേൽനോട്ടം മാറ്റിവെച്ചിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
6. വോട്ടർമാരുടെ പുനഃസ്ഥാപിക്കൽ
- എതിർപ്പ്: പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടുത്തിയ വോട്ടർമാരെ നീക്കം ചെയ്യാൻ അപ്പീൽ നൽകിയതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് സന്ധു ചോദ്യം ചെയ്തു.
- ഇസിയുടെ പ്രതികരണം: എസ്ഐആർ സമയത്തോ അതിനുശേഷമോ ഒഴിവാക്കപ്പെട്ട ആർക്കും ERO-കൾക്ക് മുമ്പിൽ അപേക്ഷ സമർപ്പിക്കാമെന്നും, ഇതിനായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.


