...
Home News International യുകെയിൽ നിര്‍ബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരാന്‍ ഋഷി സുനക്

യുകെയിൽ നിര്‍ബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരാന്‍ ഋഷി സുനക്

രഹസ്യമായി തയ്യാറാക്കിയ 40 പേജുള്ള പദ്ധതി റിപ്പോര്‍ട്ടില്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് ചെറുക്കാന്‍ സായുധ സേനയെ വിപുലീകരിക്കേണ്ടതുണ്ടെന്ന് പറയുന്നു.

323

യുകെയിൽ നിര്‍ബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരാന്‍ പ്രധാനമന്ത്രി ഋഷി സുനക്. ഉടൻ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ തുടരുകയാണെങ്കില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഋഷി സുനക് പറഞ്ഞു. സൈനിക പദ്ധതിയുടെ വിപുലീകരണത്തിന് റോയല്‍ കമ്മീഷന്‍ സ്ഥാപിക്കുമെന്ന് യു.കെ സര്‍ക്കാര്‍ അറിയിച്ചു.

പുതിയ തീരുമാനം യുവാക്കളില്‍ ദേശീയ താല്‍പര്യം വര്‍ധിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ ഉയര്‍ത്തുമെന്നും ഋഷി സുനക് പറഞ്ഞതായി ബ്രിട്ടീഷ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടന്‍ ഒരു മഹത്തായ രാഷ്ട്രമാണ്. എന്നാല്‍ പുതിയ തലമുറയ്ക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിക്കുന്നില്ല. അനിശ്ചിതത്വം നേരിടുമ്പോള്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തികളും നമ്മളോടൊപ്പം സഞ്ചരിക്കുന്നുണ്ടെന്നും സുനക് ചൂണ്ടിക്കാട്ടി.

സുനക് കൊണ്ടുവരുന്ന സൈനിക പദ്ധതിക്ക് പ്രതിവര്‍ഷത്തില്‍ ഏകദേശം 3.19 ബില്യണ്‍ ഡോളറാണ് ചെലവ് വരുന്നത്. രാജ്യത്തെ 18 വയസുള്ള എല്ലാ കുട്ടികളും ഒന്നുകില്‍ മുഴുവന്‍ സമയവും സൈന്യത്തില്‍ ചേരുകയോ അല്ലെങ്കില്‍ പ്രതിമാസം ഒരു വാരാന്ത്യത്തില്‍ സന്നദ്ധസേവനം നടത്തുകയോ ചെയ്യേണ്ടതുണ്ട്.

പൊലീസ്, ദേശീയ ആരോഗ്യ സേവനം എന്നീ മേഖലകളിലാണ് ഇവര്‍ സേവനം നടത്തേണ്ടത്. അതേസമയം രഹസ്യമായി തയ്യാറാക്കിയ 40 പേജുള്ള പദ്ധതി റിപ്പോര്‍ട്ടില്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് ചെറുക്കാന്‍ സായുധ സേനയെ വിപുലീകരിക്കേണ്ടതുണ്ടെന്ന് പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.