...
Home News International ടൂഷന്‍ സെൻ്ററിൻ്റെ മേല്‍ക്കൂര തകര്‍ന്നു; 14 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ടൂഷന്‍ സെൻ്ററിൻ്റെ മേല്‍ക്കൂര തകര്‍ന്നു; 14 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ കുട്ടികള്‍ കുടുങ്ങി കിടപ്പുണ്ടെന്ന സംശയമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു

4

സ്വകാര്യ ട്യൂഷന്‍ കേന്ദ്രത്തിൻ്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 14 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പാകിസ്‌താനിലെ ലാഹോറിലുള്ള കഹ്ന നാവു എന്ന പ്രദേശത്താണ് അപകടം. ഇരുപതോളം വിദ്യാർത്ഥികൾക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ലാഹോറിലെ കിഴക്കന്‍ മേഖലയിലുള്ള നഗരത്തിലാണ് സംഭവം.

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലായിരുന്ന ട്യൂഷന്‍ നടത്തിയിരുന്നത്. ഏഴിനും 13നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവിടെ പഠിക്കാന്‍ വന്നിരുന്നത്. ഇതുവരെ പതിനാല് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ലാഹോര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഫൈസല്‍ കമ്രാനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റ 20 വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ഒരു അധ്യാപികയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോഴും കെട്ടിടത്തില്‍ തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടറെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രദേശത്തെ ഒരു സ്ത്രീയാണ് ട്യൂഷന്‍ സെൻ്റെര്‍ നടത്തി വന്നതെന്ന് ലാഹോര്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മൃതദേഹങ്ങള്‍ സമീപത്തെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ കുട്ടികള്‍ കുടുങ്ങി കിടപ്പുണ്ടെന്ന സംശയമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്‌തിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികൾ ആയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് പൊലീസിനും ജില്ലാ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.