...
Home News International ‘ട്രംപ് തനിനിറം കാട്ടി’; ഇറാന് നേരെയുള്ള ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ

‘ട്രംപ് തനിനിറം കാട്ടി’; ഇറാന് നേരെയുള്ള ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ

ഇറാന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ റഷ്യ, അടുത്തിടെ അത്യാധുനിക മിസൈലുകൾ കൈമാറുന്നതടക്കമുള്ള നിർണ്ണായക പ്രതിരോധ കരാറുകളിൽ ഇറാനുമായി ഒപ്പുവെച്ചിരുന്നു.

242

ഇറാന് നേരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന സംയുക്ത സൈനിക നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് റഷ്യ. അമേരിക്ക നയതന്ത്ര പാത ഉപേക്ഷിച്ച് അവരുടെ യഥാർത്ഥ ലക്ഷ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണെന്നും ഡൊണാൾഡ് ട്രംപിന്റെ തനിനിറം ഇതോടെ പുറത്തുവന്നുവെന്നും റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദെവ് പ്രതികരിച്ചു. ചർച്ചകളിലൂടെ സമാധാനപരമായ പ്രശ്‌നപരിഹാരം കാണുന്നതിൽ അമേരിക്കയ്ക്ക് യഥാർത്ഥത്തിൽ താൽപ്പര്യമില്ലായിരുന്നുവെന്നും മെദ്‌വദെവ് കുറ്റപ്പെടുത്തി.

ഇറാന് മേലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റഷ്യൻ വിദേശകാര്യമന്ത്രാലയം, നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ രാഷ്ട്രീയമായും നയതന്ത്രപരമായും മാത്രമേ പരിഹരിക്കാനാവൂ എന്ന് വ്യക്തമാക്കി.

ഇസ്രായേലിന്റെ ഇത്തരം നടപടികൾ പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യം ഗൗരവമായി വിലയിരുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ട്, പരസ്പര ബഹുമാനത്തോടെ സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നും റഷ്യ അറിയിച്ചു.

ഇറാന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ റഷ്യ, അടുത്തിടെ അത്യാധുനിക മിസൈലുകൾ കൈമാറുന്നതടക്കമുള്ള നിർണ്ണായക പ്രതിരോധ കരാറുകളിൽ ഇറാനുമായി ഒപ്പുവെച്ചിരുന്നു. നിലവിൽ മേഖലയിൽ യുദ്ധഭീതി ശക്തമാവുകയും ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ വർഷമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതും യുഎഇയും ഖത്തറും വ്യോമപാതകൾ അടച്ചതും സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് സൂചിപ്പിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.